കശ്മീർ ഫയൽസ്; “നിലവാരം കുറഞ്ഞ സംവിധായകന്റെ പൊട്ട സിനിമ”; രൂക്ഷ വിമർശനവുമായി സ്വയ്ൻ രംഗത്ത്
സമൂഹത്തിലും മുഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന എല്ലാ സിനിമകളും പ്രശസ്തിയും,മികവും വാരി കൂട്ടുന്നതു പോലെ തന്നെ രൂക്ഷമായ വിമർശനങ്ങൾക്കും പലപ്പോഴും വിധേയമായി തീരാറുണ്ട്. അങ്ങനെയൊരു സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്ന വിമർശനമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. “കശ്മീർ ഫയൽസ് ” എന്ന ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, അക്കാദമിക് പ്രൊഫസറുമായ “അശോക് സ്വയ്ൻ ”
“അശോക് സ്വയ്ൻ്റെ ” വാക്കുകൾ ഇങ്ങനെ …
വിദ്വേഷം പ്രചരിപ്പിക്കുവാൻ കഴിവ് ഉള്ളതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള സിനിമകൾ വിറ്റുപോകുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീംങ്ങൾക്ക് നേരേ വർഗീയതയും,കലാപവും വളർത്തുക എന്ന ലക്ഷ്യത്തോടെ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുമ്പോൾ എന്തുകൊണ്ടാണ് ബോളിവുഡ് നിശബ്ദത പാലിക്കുന്നതെന്ന ചോദ്യം അദ്ദേഹം മുന്നേ ഉയർത്തിയിരുന്നു. ഇതേ കാര്യം തന്നെ അദ്ദേഹം തൻ്റെ ട്വിറ്റർ അക്കൗണ്ടിലും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും “കശ്മീർ ഫയൽസ്” നെ ക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിമർശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട കശ്മീരി തീവ്രവാദികൾ 1724 പേരാണ്. അതിൽ തന്നെ 89 പേരും കശ്മീരി പണ്ഡിറ്റുകളാണ്. 50,000 കശ്മീരി മുസ്ലീങ്ങൾക്കെങ്കിലും ജീവൻ നഷ്ടമായ സാഹചര്യത്തിൽ ഇന്ത്യയിലെ ഭൂപരിപക്ഷ ഹിന്ദു വലതുപക്ഷം ഇത് ‘കശ്മീർ വംശഹത്യ’ എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.” വിമർശനത്തെ അനുകൂലിച്ചും ,വിയോജിപ്പ് പ്രകടമാക്കിയും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ പാകിസ്ഥാൻ്റെ സഹായത്തോടെയുള്ള ഭീകരരുടെ പ്രവർത്തികളാൽ കശ്മീരിൽ നിന്നും പാലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുമത വിശ്വാസികളുടെ കഥയും, ജീവിതവുമാണ് സിനിമയിൽ പറയുന്നത്. എന്നാൽ സിനിമ റിലീസ് ആയതിന് തൊട്ടു പിന്നാലെ തന്നെ സിനിമയിൽ നടക്കുന്നത് വർഗീയ ധ്രുവീകരണമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ജാതി, മത, വർഗീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നാണ് ” കശ്മീർ ഫയൽസ് ” – ന് നേരേയുള്ള പ്രധാന ആരോപണം.
സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ജീവൻ്റെ സുരക്ഷ മുന്നിൽ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം “വൈ കാറ്റഗറി സുരക്ഷ” നൽകുമെന്ന് വ്യകത്മാക്കിയിരുന്നു. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകൻ എന്ന നിലയിൽ തൻ്റെ ജീവൻ അപകടത്തിലാണെന്നും,തനിയ്ക്ക് നേരേ വധ ഭീഷണി ഉൾപ്പടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സുരക്ഷ നൽകാൻ തീരുമാനിച്ചത്.