‘ലാലേട്ടനേക്കാൾ സ്വാഭാവികമായി അഭിനയിക്കുന്ന ആരും ഇപ്പോഴും ഇവിടെയില്ല’: കുറിപ്പ് വൈറൽ
തലമുറ വ്യത്യാസമില്ലാതെ മലയാള പ്രേക്ഷകര്‍ ആരാധിക്കുന്ന താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് നാഴിക കല്ലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കായി കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. 1980, 90 ദശകങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. ‘നാടോടിക്കാറ്റ’് എന്ന ചിത്രത്തിലെ ദാസന്, ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ ജയകൃഷ്ണന്, ‘കിരീടം’ എന്ന ചിത്രത്തിലെ സേതുമാധവന്, ‘ചിത്രം’ എന്ന ചിത്രത്തിലെ വിഷ്ണു, ‘ദശരഥം’ എന്ന ചിത്രത്തിലെ രാജീവ് മേനോന്, ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ഡോക്ടടര്‍ സണ്ണി, വിദ്യാഭ്യാസം നന്നായിട്ടുണ്ടെങ്കിലും അര്‍ഹിച്ച ജോലി ലഭിക്കാത്തതില്‍ വല്ലാതെ സങ്കടപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘അക്കരെ അക്കരെ’, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓരോദിവസവും പെടാപ്പാട് പെടുന്ന ചെറുപ്പക്കാരന്റ കഥ പറയുന്ന ‘മിഥുനം’, ‘തേന്മാവിന് കൊമ്പത്ത്’, ‘ചന്ദ്ര ലേഖ’, അങ്ങനെ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സിനിമകള്‍.
പിന്നീടുള്ള വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപെടുത്തിയാണ് സംവിധായകരും നിര്‍മാതാക്കളും മോഹന്‍ലാലിന് വേണ്ടി സിനിമകള്‍ ചെയ്തത്. എന്നാല്‍ അതിമാനുഷന്മാരായ പൂവള്ളി ഇന്ദുചൂടന്റെയും, കാര്ത്തികേയന്മാരുടെയും തനിപ്പകര്‍പ്പുകളായ ഒരു നീണ്ട നിര കഥാപാത്രങ്ങളുമായി എന്നെന്നേക്കുമായി മലയാളികള്‍ക്ക് ‘തന്റെത്’ എന്ന തോന്നലില്‍ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു തന്മാത്ര എന്ന ചിത്രവുമായെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. അല്‍ഷിമേഴ്സ് എന്ന അവസ്ഥയെക്കുറിച്ച് വിവരിച്ച ഈ ചിത്രം ബോക്സോഫീസില്‍ ഗംഭീര വിജയമായിരുന്നു നേടിയത്. 2006ലെ തന്മാത്ര എന്ന ചിത്രം മോഹല്‍ലാലിന് മികച്ച നടനുള്ള ദേശീയ അവര്‍ഡ് നേടികൊടുത്ത് ഒരു ചിത്രമായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മോഹല്‍ലാലിന്റെ അഭിനയ പ്രകടനം അത്യധികം മികവുറ്റതായിരുന്നു. ഏതൊരു സാധരണക്കാരന്റെയും മനസില്‍ കയറിപ്പറ്റാന്‍ ഈ ചിത്രത്തിലെ അള്‍ഷിമേഴ്സ് രോഗബാധിതനായ രമേശ് നായരായുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന് സാധിച്ചു.
ഇപ്പോഴിതാ ഫെയ്സ്ബുക്കില്‍ ഈ ചിത്രത്തെക്കുറിച്ചും മോഹന്‍ലാല്‍ എന്ന അത്ഭുതപ്രതിഭയെയും കുറിച്ച് അജിതന് തോമസ് എഴുതിയ ഒരു കുറിപ്പാണ് വൈറലാവുന്നത്. തന്മാത്രയില് മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെപോലെ ലളിതമായും സ്വാഭാവികമായും ചെയ്യുന്ന ആരും ഇപ്പോഴുമിവിടെയില്ല എന്നും വ്യക്തിപരമായി വിശ്വസിക്കാനാണിഷ്ടമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അള്‍ഷിമേഴ്സ് രോഗബാധിതനായുള്ള രമേശന് നായരുടെ പ്രകടനങ്ങളിലെ അത്ഭുതകരമായ ഭാവങ്ങളും, ചേഷ്ടകളും, ഒരേ സമയം രംഗങ്ങളില്‍ മകനായും അച്ഛനായുമുള്ള പരകായപ്രവേശനങ്ങളും പല കുറി നിരൂപണവിധേയമായിട്ടുള്ള വിഷയങ്ങള്‍ ആണെങ്കില്‍ തന്നെയും തന്മാത്ര തനിക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുന്നുവെന്നും അജിതന് തോമസ് കുറിക്കുന്നു.
”നമ്മള് തന്നെയായോ, നമ്മുടെ രക്ഷിതാക്കളെ പോലെയോ ഒക്കെയുള്ള ഒരാളായി മോഹന്‍ലാല്‍ ഈ ചിത്രത്തിലൂടെ നമുക്ക് മുന്നിലെത്തിയതുകൊണ്ടാവാം തന്മാത്ര എന്ന ചിത്രം ഇത്രയും നമ്മുടെയെല്ലാം മനസില്‍ മായാതെ നിക്കുന്നത്. ശമ്പളപരിഷ്കരണമാവശ്യപ്പെട്ടു നടന്നിരുന്ന സമരത്തെ ഓര്‍മിപ്പിക്കുന്ന ഒരു കാല്‍നടജാഥയുടെ രംഗത്ത് രമേശന് നായരെ നോക്കി ആ വലിയ ഹോട്ടലില്‍ നിന്ന് മകന് നില്ക്കുന്ന രംഗം അന്നും ഇന്നും ഹൃദയസ്പര്‍ശിയായ ഒന്നാണെന്നും ചെറിയ ചെറിയ മോഹങ്ങള്‍ മാത്രം അവനവനിലേക്ക് ഒതുക്കി മകനിലൂടെ വീണ്ടും സ്വപ്നങ്ങള്‍ക്ക് തിരി കൊളുത്തുന്ന രമേശന് നായര്‍മാരെ എല്ലാവര്ക്കും പരിചയമുണ്ടാകുമെന്നും” അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഇപ്പോള്‍ വീണ്ടും അതിമാനുഷനും തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരവും ബ്രാന്റുമായി ഇദ്ദേഹം ചുരുങ്ങുകയാണ്. ഈ ചിത്രം പോലെ വ്യക്തിപരമായി കാണാനാഗ്രഹിക്കുന്ന ഒരുപാട് വേഷങ്ങളില്‍ നിന്നും മോഹന്‍ലാല്‍ വളരെ അകലെയായിരിക്കുകയാണെന്നും പ്രിയ മോഹന്‍ലാല്‍, നിങ്ങള്‍ ഇത്തരത്തിലുള്ള സിനിമകളുടെ കഥാപരിസരത്തൂടെ ചുമ്മാ വന്നിരുന്നാല്‍ മാത്രം മതി, ബാക്കി നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വിസ്മയങ്ങള്‍’ സംഭവിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.