നായകൻ മോഹൻലാലിനെ പോലും സൈഡാക്കി ഷമ്മി തിലകന്റെ അഴിഞ്ഞാട്ടമായിരുന്നു പ്രജയിലെ വില്ലൻ ‘ബലരാമൻ കൊണാർക്ക്’; ഷമ്മി തിലകന്റെ സിനിമാ ജീവിതവഴികൾ..
1 min read

നായകൻ മോഹൻലാലിനെ പോലും സൈഡാക്കി ഷമ്മി തിലകന്റെ അഴിഞ്ഞാട്ടമായിരുന്നു പ്രജയിലെ വില്ലൻ ‘ബലരാമൻ കൊണാർക്ക്’; ഷമ്മി തിലകന്റെ സിനിമാ ജീവിതവഴികൾ..

ലയാളസിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളും, മികച്ച ഡബ്ബിങ് കലാകാരനും കൂടിയാണ് ഷമ്മി തിലകൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായിരുന്ന തിലകന്റെ മകനാണ് ഷമ്മി തിലകൻ. പക്ഷെ ആ കീർത്തിക്കുമപ്പുറം തന്റെ കഴിവ് കൊണ്ട് ഷമ്മി പ്രേക്ഷക മനസുകളെ വിസ്മയിപ്പിക്കുന്ന സർഗ്ഗശേഷിക്കുടമയാണ്. 1986ൽ കെജി ജോർജ്ജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലൂടെയാണ് ഷമ്മി അഭിനയ രംഗത്തേക്ക് ചുവടുയ്ക്കുന്നത്. അതുകഴിഞ്ഞ് നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഷമ്മി തിലകൻ കൂടുതലും പ്രതിനായക വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. എന്നാൽ ഇപ്പോൾ പരിധികളില്ലാതെ, ഹാസ്യവേഷങ്ങളിലടക്കം പ്രതിഭ തെളിയിച്ച് ഏത് വേഷവും ഏറ്റവും ഗംഭീരമാക്കുന്ന നടനായി ഷമ്മി വെള്ളിത്തിരയിൽ തിളങ്ങുകയാണ്.

ചെങ്കോൽ തുടങ്ങി മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തുവെങ്കിലും 2001-ൽ ജോഷി സംവിധാനം ചെയ്ത് പുറത്തുവന്ന മോഹൻലാൽ സിനിമ ‘പ്രജ’യിലെ ഷമ്മിയുടെ വില്ലൻ വേഷം ബലരാമൻ കൊണാർക്ക് ഏറെ ജനപ്രീതി നേടി ഒരു കരിയർ ബ്രെക്ക് തന്നെ ഷമ്മിക്ക് നൽകിയ വേഷമാണ്. നായകൻ മോഹൻലാലിനെ പോലും സൈഡ് ആക്കുന്ന അന്യായ പ്രകടനം തന്നെയാണ് ഷമ്മി തിലകൻ ഈ ഒരു കഥാപാത്രത്തിലൂടെ നടത്തിയത്. ഡയലോഗ് ഡെലിവറി കൊണ്ടും ഓരോ സൂക്ഷ്മ ഭാവങ്ങൾ കൊണ്ടും ഷമ്മി ഓരോ സീനിലും കയ്യടി നേടുന്ന കാഴ്ച്ചയാണ് പ്രജയിൽ കാണാൻ കഴിയുക. എൻട്രി സീനിൽ തന്നെ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ ഷമ്മി തിലകന് കഴിഞ്ഞു. ഷമ്മിയുടെ കരിയറിലെ ഒരു മൈൽസ്റ്റോൺ കഥാപാത്രം തന്നെയാണ് ‘പ്രജ’യിലെ ബലരാമൻ കൊണാർക്ക്.


ഒരുപിടി ഹാസ്യവേഷങ്ങളിലും മികച്ച പ്രകടനങ്ങൾ ഒരു പതിറ്റാണ്ടായി ഷമ്മി നടത്തുന്നുണ്ട്. അവയിൽ 2013ലെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ‘നേരം’ എടുത്തു പറയേണ്ട ബ്രേക്ക് ത്രൂവാണ്. നേരത്തിലെ ഊക്കൻ ടിൻറു എന്ന പോലീസ് ഓഫീസറുടെ വേഷം മറ്റാർക്കും തൊടാനാവാത്ത വിധം ഷമ്മി വളരെ അനായാസമാക്കികളഞ്ഞു. ഈ വേഷം മികച്ച ഹാസ്യതാരത്തിനുള്ള വനിതാ ഫിലിം അവാർഡ് ഷമ്മി തിലകന് നേടികൊടുത്തു. 2021ൽ പുറത്തിറങ്ങിയ ‘ജോജി’ സിനിമയിലെ കരുതലുള്ള ഡോക്ടർ ഫെലിക്സിന്റെ വേഷവും ഷമ്മി മികവുറ്റതാക്കി. 150ഓളം മലയാള സിനിമകളിൽ ഇതിനോടകം അഭിനയിച്ച ഷമ്മി തിലകൻ, അഭിനയം മാത്രമല്ല സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറകടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989ൽ പുറത്തിറങ്ങിയ ‘ജാതകം’ എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും 1987ൽ കഥയ്ക്ക് പിന്നിൽ, 1990ൽ രാധാമാധവം എന്നീ സിനിമകളിൽ അസിസ്റ്റൻറ് ഡയറക്ടറായി ഷമ്മി പ്രവർത്തിച്ചു.

മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ. എത്രയോ അസാമാന്യമായ ഡബ്ബിങ് പെർഫോമൻസസുകൾ ഷമ്മിയുടേതായുണ്ട്. ആ ശബ്ദം കൊണ്ട് തന്നെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകമനസുകളിൽ തങ്ങിനിൽക്കുന്നുണ്ട്. പ്രേം നസീർ മുതൽ ഇങ്ങോട്ട് ഒരുപാട് പ്രശസ്ത നടൻമാർക്ക് ശബ്ദം കൊടുക്കാൻ യോഗമുണ്ടായ ഷമ്മിക്ക്. കടത്തനാടൻ അമ്പാടിയിൽ സാക്ഷാൽ പ്രേംനസീറിന്, ധ്രുവത്തിലെ വില്ലൻ ടൈഗർ പ്രഭാകറിന്, ദേവാസുരത്തിലെ വില്ലൻ നെപ്പോളിയന്, ഗസലിലെ നാസറിന്, ഒടിയനിലെ പ്രകാശ് രാജിന് തുടങ്ങി മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാനാവാത്ത എത്രയോ കഥാപാത്രങ്ങളുടെ ശബ്ദമായിരുന്നു ഷമ്മി തിലകൻ.

ഗസൽ (1993), ഒടിയൻ (2018) എന്നീ സിനിമകളിലെ ഡബ്ബിങ് പെർഫോമൻസിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ഷമ്മിക്ക് ലഭിച്ചിട്ടുണ്ട്. അധികം കൊട്ടിഘോഷിക്കാതെ സ്വകാര്യ ജീവിതം തന്മയത്വത്തോടെ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഷമ്മി തിലകൻ ഭാര്യ ഉഷ, ഏക മകൻ അഭിമന്യു എന്നിവർക്കൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു.