“ഈ നടന് ആർത്തി കാശിനോടല്ല, കഥാപാത്രങ്ങളോടാണ്”; ഇനി വരാനിരിക്കുന്ന മമ്മൂട്ടി ഭാവങ്ങൾ ആകാംഷ നിറയ്ക്കുന്നത്
1 min read

“ഈ നടന് ആർത്തി കാശിനോടല്ല, കഥാപാത്രങ്ങളോടാണ്”; ഇനി വരാനിരിക്കുന്ന മമ്മൂട്ടി ഭാവങ്ങൾ ആകാംഷ നിറയ്ക്കുന്നത്

കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിനേക്കാള്‍ മനോഹരം….ഭീഷ്മയിലെ മമ്മൂട്ടിയുടെ മൈക്കിളപ്പനെക്കുറിച്ചുള്ള പ്രേക്ഷകപ്രതികരണം കാണുമ്പോള്‍ ഇങ്ങനെ പറയാനാണു തോന്നുന്നത്. അത്രമേല്‍ ഭംഗിയുണ്ട് മൈക്കിളപ്പനെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയെന്ന നടന്‍ എത്രയോ വിസ്മയ കഥാപാത്രങ്ങളായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഇനിയും അത്ഭുതപ്പെടുത്താനിരിക്കുന്നു.

ഭീഷ്മയില്‍ നിന്ന് ഇനി ഭാവപ്പകര്‍ച്ച പുഴുവിലേക്കാണ്. മൈക്കിളപ്പനുമായി പുലബന്ധം പോലുമില്ലാത്ത കഥാപാത്രം. പിന്നെ അവതരിക്കുന്നത് സേതുരാമയ്യരെന്ന കുശാഗ്രബുദ്ധിക്കാരനായ പൊലീസ് ഓഫീസറായി. അവിടന്ന് നേരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തേക്കാണ്. വേറൊരു ഭാവം വേറൊരു വേഷം. ഓരോ കഥാപാത്രങ്ങളും ഒന്നിനോടൊന്നു വ്യത്യസ്തം. ഈ ഭാവപ്പകര്‍ച്ചകള്‍ തന്നെയാണ് മമ്മൂട്ടിയെന്ന നടനെ വേറിട്ടു നിര്‍ത്തുന്നത്. ആരാധക മനസ്സുകളെ ആവേശത്തിലാഴ്ത്തുന്നത്.

പുഴു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സേതുരാമയ്യര്‍ സിബിഐ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോള്‍ ആര്‍ക്കും വിസ്മരിച്ചു കളയാനാവാത്ത ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തന്‍ സാധ്യതകള്‍ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകളിലൂടെ നമ്മള്‍ കണ്ടത്.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുന്‍ സിബിഐ സിരീസ് സിനിമകളുടെ രചന നിര്‍വ്വഹിച്ച എസ് എന്‍ സ്വാമി തന്നെയാണ്. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, സായി കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. മുന്‍പ് പല ചിത്രങ്ങള്‍ക്കും രണ്ടും മൂന്നും ഭാഗങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ ചിലപ്പോള്‍ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളില്‍ തുടര്‍ച്ചയുണ്ടാവുന്നത്

നന്‍പകല്‍ നേരത്ത് മയക്കം

മമ്മൂട്ടിയെ നായകനാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ നടക്കുന്ന കഥയാണ്. അതുകൊണ്ടാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്.