”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ
1 min read

”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ

ലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്.

ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ പറയുന്നത്. “മലയാളത്തിൻ്റെ സുവർണ കാലഘട്ടമായി നമ്മൾ ഇപ്പോഴുള്ള സിനിമകളെ കണ്ടാൽ, അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ചെയ്ത കഥാപാത്രങ്ങൾ നോക്കൂ.

മുമ്പ് ചെയ്തിട്ടുള്ള ഒരു കഥാപാത്രത്തിനെയും റിപ്പീറ്റ് ചെയ്യാൻ മമ്മൂട്ടി ശ്രമിച്ചിട്ടില്ല. പുഴു, റോഷാക്ക്, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ എത്ര മാത്രം വൈവിധ്യതായിലാണ് അയാൾ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന കാരക്ടർ സെലക്ഷനും പെർഫോമൻസുമല്ലേ?”- അദ്ദേഹം ചോദിക്കുന്നു.

ഇതിനിടെ മോഹൻലാലിനെക്കുറിച്ചും സിബി മലയിൽ സംസാരിച്ചു. ”അവരെ രണ്ട് പേരെയും സംബന്ധിച്ച് സിനിമ ഒരു പ്രോഫഷനല്ല, അവർ അതിലാണ് ജീവിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തിൽ ഒരു സ്വാഭാവിക ഒഴുക്കുണ്ട്. വളരെ വേഗത്തിൽ കഥാപാത്രത്തിലേക്ക് മാറാൻ അദ്ദേഹത്തിന് സാധിക്കും. മറുവശത്ത്, പുതുമകളും വെല്ലുവിളികളും തേടുന്ന താരമാണ് മമ്മൂട്ടി. നിങ്ങൾ ഇന്ന് മമ്മൂട്ടിയെ കണ്ടുമുട്ടിയാൽ അദ്ദേഹം അടുത്ത കഥാപാത്രം അല്ലെങ്കിൽ അടുത്ത പ്രോജക്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പിലോ ആലോചനയിലോ ആയിരിക്കും. ഇവർ രണ്ടു പേരുടെയും ഈ കഴിവുകളാണ് ഇരുവരെയും ഈ രംഗത്ത് ഇത്രയും കാലം പിടിച്ചുനിർത്തുന്നത്. വളരെ കുറച്ചു അഭിനേതാക്കൾക്ക് മാത്രമാണ് ആ നിലയിലേക്ക് ഉയരാൻ സാധിച്ചിട്ടുള്ളത്”.- അദ്ദേഹം വ്യക്തമാക്കി.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.