”ജയ് ശ്രീറാം, ഞാൻ തികഞ്ഞ ദൈവവിശ്വാസി”; മാപ്പപേക്ഷിച്ച് നയൻതാര
തെന്നിന്ത്യൻ താരം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നപൂരണി. ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒടിടി റിലീസോടെ വിവാദങ്ങളുടെ പെരുമഴയാണുണ്ടായത്. വിവാദങ്ങൾ പല തരത്തിൽ വന്നിട്ടും നയൻതാര നിശബ്ദയായിരുന്നു. ഒടുവിൽ വിമർശകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്.
”സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഞാൻ ഈ പ്രസ്താവന നടത്തുന്നത്. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്.
‘അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.
എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു”- നയൻതാര വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി.
ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആർട്സും ചേർന്നാണ് നിർവഹിച്ചത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി.
എന്നാൽ നോൺവെജ് ഭക്ഷണം പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്.