മോഹൻലാലിനെ ഇനി പിടിച്ചാൽ കിട്ടില്ല; രണ്ടാഴ്ച്ച കൊണ്ട് നേര് നേടിയത് എൺപത് കോടി
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ കോർട് റൂം ഡ്രാമയാണ് നേര് എന്ന ചിത്രം. മാസ് ഡയലോഗുകളോ സ്റ്റണ്ടോ ഇല്ലാതെ, എന്തിന് യാതൊരു താര പരിവേഷവും കൂടെയില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് നേര്. വർഷങ്ങൾക്ക് ശേഷമായിരിക്കും പ്രേക്ഷകർ ഇത്തരത്തിലൊരു മോഹൻലാലിനെ തിയേറ്ററിൽ കണ്ടത്.
തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നേര് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്ന് മാത്രം 2.8 കോടി രൂപ കളക്ഷൻ നേടി എന്നത് അതിശയകരമായ വാർത്തയായിരുന്നു. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോർട്ട്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ആറ് കോടിയായിരുന്നു ആദ്യദിന ആഗോള കളക്ഷൻ. മൗത്ത് പബ്ലിസിറ്റിയിൽ അടുത്ത ദിവസങ്ങളിലും ചിത്രം തിയേറ്ററിൽ ആളെ കയറ്റി. ക്രിസ്തുമസ് ദിനത്തിൽ മാത്രം 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. എട്ട് ദിവസത്തിനുള്ളിലാണ് നേര് 50 കോടി ക്ലബിൽ ഇടം നേടിയത്.
ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. അനശ്വര തന്റെ കഥാപാത്രത്തെ വളരെ മനോഹരമായാണ് സ്ക്രീനിന് മുൻപിൽ എത്തിച്ചത്. ഈ നടിയെക്കുറിച്ച് പറയാതെ വയ്യ, നേരിന്റെ ജീവനാണ് അനശ്വരയുടെ സാറ എന്ന കഥാപാത്രം. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.