കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം; നേരിന് യുകെയിൽ മാത്രം ഒരു കോടിയിലധികം കളക്ഷൻ
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് തിയേറ്ററിൽ മികച്ച വിജമാണ് നേടുന്നത്. ഇത് പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമായാണ് ആരാധകരുൾപ്പെടെ കണക്കാക്കുന്നത്. യുകെയിലും മോഹൻലാലിന്റെ നേരിന് മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നേര് യുകെയിൽ 1.98 കോടി രൂപയിലധികം നേടിക്കഴിഞ്ഞു.
കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 1.50 കോടി രൂപയാണ്. തിരുവനന്തപുരം മൾടപ്ലക്സുകളിൽ മോഹൻലാൽ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകർഷിക്കുകയാണ്. തിരുവനന്തപുരത്ത് മൾട്ടിപ്ലക്സുകളിൽ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് ശരിവയ്ക്കുന്നത് ഇവിടെ മോഹൻലാൽ എന്ന നടനുള്ള സ്വാധീനവുമാണ്.
മോഹൻലാലിന്റെ നേര് ആഗോളതലത്തിൽ അമ്പത് കോടിയിൽ അധികമാണ് സ്വന്തമാക്കിയത്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തിൽ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാൽ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയതിന്റെ റെക്കോർഡ് മോഹൻലാൽ നായകനായ ലൂസിഫറിനുമാണ്.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരിൽ മോഹൻലാൽ നായകനായപ്പോൾ പ്രതീക്ഷകളെല്ലാം ശരിവയ്ക്കുകയാണ്. നടൻ എന്ന നിലയിൽ മോഹൻലാലിനെ ചിത്രത്തിൽ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വക്കീൽ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. സ്വാഭാവികമായ ഒരു പ്രകടമാണ് മോഹൻലാൽ ചിത്രത്തിൽ നടത്തിയിരിക്കുന്നതും.