ഞെട്ടിച്ച് സലാർ, റിലീസ് ദിന കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു; അഭിനന്ദിച്ച് ചിരഞ്ജീവി
റിലീസ് ദിനത്തിൽ തന്നെ വൻ കളക്ഷൻ റിപ്പോർട്ട് സ്വന്തമാക്കി സലാർ. പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ആഗോളതലത്തിൽ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്.
റിലീസ് ദിനത്തിൽ സലാർ ആഗോളതലത്തിൽ സലാർ നേടിയ തുക ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഒരു ഇന്ത്യൻ സിനിമയുടെ റിലീസ് ദിനത്തിലെ ഏറ്റവും വലിയ കളക്ഷനാണ് സലാറിൻറെ പേരിലായിരിക്കുന്നക്. വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാർ പിടിച്ചെടുത്തിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രൺബിർ കപൂറിന്റെ അനിമൽ 115.9കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനിൽ നാലാം സ്ഥാനത്തുമാണ് ഉള്ളത്. സലാറിൻറെ ഒന്നാം ദിന കളക്ഷൻ ആഗോളതലത്തിൽ ഔദ്യോഗികമായി 178.7 കോടി രൂപയാണ്. 2023ലെ ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഓപ്പണിംഗ് എന്നാണ് നിർമ്മാതാക്കൾ പുറത്തുവിട്ട പോസ്റ്റർ പറയുന്നത്. നേരത്തെ വന്ന വിവിധ ബോക്സോഫീസ് ട്രാക്കർ കണക്കുകൾ പ്രകാരം സലാർ 175 കോടിക്ക് മുകളിൽ നേടിയെന്ന് പറഞ്ഞിരുന്നു.
ഇതിനിടെ ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസിനെയും പൃഥ്വിരാജിനെയും നടൻ ചിരഞ്ജീവി അഭിനന്ദിച്ചു. ബോക്സ് ഓഫീസിൽ സലാർ തീപാറിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ പ്രഭാസിന്റെ തിരുച്ചുവരവ് കൂടിയാണ് സലാർ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ ‘സലാർ പാർട്ട് 1- സീസ്ഫയ’റാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലാഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.