‘നടൻ എന്ന നിലയിൽ ഇനിയിങ്ങനെയൊരാളില്ല എന്ന് കരുതിയയാൾ തിരിച്ച് വന്ന പോലെ’; തിരികെ നടന്ന് മോഹൻലാൽ
1 min read

‘നടൻ എന്ന നിലയിൽ ഇനിയിങ്ങനെയൊരാളില്ല എന്ന് കരുതിയയാൾ തിരിച്ച് വന്ന പോലെ’; തിരികെ നടന്ന് മോഹൻലാൽ

റെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ (താരപരിവേഷമില്ലാതെ) സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് നേര് കണ്ടിറങ്ങിയപ്പോൾ തോന്നിയ സന്തോഷം. ഒരു കോർട് റൂം ഡ്രാമ എന്ന നിലയിൽ പ്രേക്ഷകനോട് നീതി പുലർത്തിയ സിനിമയായിരുന്നു നേര്. 1959ൽ പുറത്തിറങ്ങിയ അനാട്ടമി ഓഫ് മർഡർ എന്ന ചിത്രത്തെ ഓർമ്മിപ്പിച്ചു പല ഭാ​ഗങ്ങളും. ആരാണ് പ്രതിയെന്ന് സിനിമയുടെ തുടക്കം മുതലേ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് സസ്പെൻസ് ഒട്ടും ഇല്ലായിരുന്നു. എന്നിരുന്നാലും തുടക്കം മുതൽ ഒടുക്കം വരെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാനായില്ല എന്നത് വലിയ ബെനഫിറ്റ് ആയി തോന്നി.

ഈയടുത്ത കാലത്തൊന്നും മോഹൻലാൽ ഇത്രയ്ക്കും മൈൽഡ് ആയൊരു കഥാപാത്രത്തെ സ്ക്രീനിന് മുൻപിൽ എത്തിച്ച് കാണില്ല. മാത്രമല്ല 100 ശതമാനവും ഇതൊരു സ്ത്രീപക്ഷ സിനിമ മാത്രമാണ്. ഇരയ്ക്കൊപ്പം നിന്ന് ഇരയുടെ ഭാ​ഗത്ത് നിന്ന് കഥപറയുന്ന രീതിയാണ് പിന്തുടർന്ന് പോന്നിരിക്കുന്നത്. സ്ക്രീനിൽ മോഹൻലാലിന്റെ എൻട്രിയിൽ യാതൊരു ഹൈപ്പും കൊടുത്തില്ലെങ്കിലും കാണികൾ വൻ ആവേശത്തോടെയാണ് പ്രിയ ലാലേട്ടനെ വരവേറ്റത്. മിക്ക സീനുകളിലും താരം കയ്യടി വാങ്ങി.

ഒട്ടും താരപരിവേഷമില്ലാതെ അണ്ടർ പ്ളേയായി എത്രയോ നാളുകൾക്ക് ശേഷം കാണുന്ന മോഹൻലാൽ പെർഫോമൻസ് ആണിതെന്ന് ഓർക്കണം. കുറച്ച് വർഷങ്ങളായി ഇത്തരം കഥാപാത്രങ്ങളായി മോഹൻലാലിനെ കാണാനേ കിട്ടാറില്ല. നേര് എന്ന ജിത്തു ജോസഫ് സിനിമയിലെ വിജയ് മോഹൻ എന്ന കഥാപാത്രത്തിലൂടെ, കുറച്ച് നാളുകൾക്ക് ശേഷം ഹീറോയിസം ഇല്ലാത്ത, മണ്ണിൽ ചവിട്ടി നില്ക്കുന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായി മോഹൻലാലിനെ കാണാൻ പറ്റി എന്നതാണ് നേര് എന്ന സിനിമ തരുന്ന ഏറ്റവും വലിയ സന്തോഷം.

ജീത്തു ജോസഫ് പല ഇൻ്റർവ്യൂകളിലും പറഞ്ഞ പോലെ ട്വിസ്റ്റും സസ്പൻസും ഒന്നും ഇല്ലാത്ത ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ തന്നെയാണ് നേര്, ഒരു ക്രൈം നടക്കുന്നു, പൊലീസ് പ്രതിയെ കണ്ടെത്തുന്നു, കോടതിയിൽ ഹാജരാക്കുന്നു, വാദിഭാഗവും പ്രതിഭാഗവും തമ്മിൽ നീതിക്കും നിരപരാധിത്വത്തിനും വേണ്ടി തെളിവുകൾ നിരത്തി വാഗ്വാദങ്ങൾ നടത്തി ഏറ്റുമുട്ടുന്നു, അതാണ് നേര് എന്ന സിനിമ.