”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി
1 min read

”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാൽ ചിത്രം നേര് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമായത് കൊണ്ടും ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ട് ആയത് കൊണ്ടും പ്രേക്ഷകർ അതീവ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഇതിനിടെ നേരിന് ആശംസയുമായി നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരിക്കുകയാണ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡിസംബർ 21ന് നേര് തിയറ്ററിൽ എത്തും. ഇതിനിടെ സിനിമയുടെ കഥ തന്റേതാണെന്ന ആരോപണവുമായി എഴുത്തുകാരൻ ദീപക് ഉണ്ണി രം​ഗത്ത് എത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹൈക്കോടതിയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് നൽകിയ ഹർജി തള്ളിയിരുന്നു. എന്നാൽ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

മോഹൻലാലിനൊപ്പം പ്രിയാമണി, ശാന്തി മായാ ദേവി, സിദ്ധിഖ്, അനശ്വര രാജൻ, ജ​ഗദീഷ്, ശ്രീധന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.