”ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്റെ മകൾക്കും കൊടുക്കില്ല”; തുറന്നടിച്ച് മോഹൻലാൽ
1 min read

”ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്റെ മകൾക്കും കൊടുക്കില്ല”; തുറന്നടിച്ച് മോഹൻലാൽ

സ്ത്രീധനത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. സ്ത്രീധനം നല്‍കി തന്റെ മകളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തോടാണ് മോഹന്‍ലാലിന്റെ മറുപടി. ‘നേര്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്.

”ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് സിനിമയില്‍ സ്ത്രീധനത്തിന് എതിരെ പറയുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഉള്ളില്‍ ഒരു സംഘര്‍ഷം ഉണ്ടല്ലോ. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നും.

ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, അവനെ പിടിച്ചോ എന്നാണ് നമുക്ക് കേള്‍ക്കേണ്ടത്. സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താല്‍പര്യമില്ല. അങ്ങനെ സമൂഹത്തില്‍ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമ കൂടിയാണ് നേര്”- മോഹൻലാൽ വ്യക്തമാക്കി.

ഇതിനിടെ, സ്ത്രീധനം ചോദിക്കുന്നവനെ കല്യാണം കഴിക്കില്ലെന്ന് തന്റെ മക്കളും പറഞ്ഞതായി സംവിധായകന്‍ ജീത്തു ജോസഫും വ്യക്തമാക്കി. രണ്ട് പെണ്‍കുട്ടികളാണ് ജീത്തു ജോസഫിന്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ സ്‌ട്രോങ് ആണ്. പക്ഷേ ചില പെണ്‍കുട്ടികള്‍ ഇമോഷണലി പെട്ടു പോയിക്കാണും. എങ്കിലും സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കുന്നത്.