”സിനിമ തിരഞ്ഞെടുക്കുന്നത് മനപ്പൂർവ്വമല്ല, കഥ ഇഷ്ടപ്പെട്ടാൽ ഡേറ്റ് കൊടുക്കും”; മമ്മൂട്ടി
നാൾക്കു നാൾ അപ്ഡേറ്റഡ് ആകുന്ന നടൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. എക്സ്ട്രാ ഓർഡിനറി എന്ന് വേണം പറയാൻ. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോഴിറങ്ങിയ കാതൽ എന്നീ ചിത്രങ്ങളെല്ലാം കണ്ടാൽ അത് മനസിലാകും. ഇപ്പോഴിതാ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്മൂട്ടി.
തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാൻ ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷൻ ഇപ്പോഴുണ്ടെന്നും മമ്മൂട്ടി പറയുന്നു. “വ്യത്യസ്തമാർന്ന കഥകൾ തെരഞ്ഞെടുക്കുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഞാൻ ഇഷ്ടപ്പെടുന്ന എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത് നമുക്ക് ചെയ്യാൻ പറ്റും, ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നതാണ്. അല്ലാതെ അതിന് ഭയങ്കര സാധ്യതയുണ്ടെന്ന് ഉറപ്പിക്കാനാവില്ല.
നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന ചില സിനിമകൾ ഇല്ലേ. കഥ കേൾക്കുന്ന പോലെയല്ല, അത് ഒരു സിനിമയായി വരുമ്പോൾ ചിലപ്പോൾ എല്ലാം തകിടം മറയും അങ്ങനെയും സംഭവിക്കും. കഥയേ നമുക്ക് തെരഞ്ഞെടുക്കാൻ പറ്റുള്ളൂ. സിനിമയല്ല നമ്മൾ തെരഞ്ഞെടുക്കുന്നത്. അത് ഇഷ്ടപ്പെട്ടാൽ എടുക്കും. അത് സിനിമയായി വരുമ്പോൾ ചിലപ്പോൾ മോശമായി വരും. എല്ലാം ഒരു റിസ്കാണ്. ഭാഗ്യമുണ്ടെങ്കിൽ നന്നായി വരും.
ഒരു സിനിമ ഇറങ്ങുമ്പോൾ ഇപ്പോൾ പണ്ടത്തേക്കാൾ ടെൻഷനുണ്ട്, ഒരു പ്രൊഡ്യൂസർ കൂടിയാണല്ലോ. അതുകൊണ്ട് തന്നെ ഒരിക്കലും എക്സൈറ്റ്മെൻ്റ് അല്ല ഉണ്ടാവുക. സ്ട്രസ് ആണ്. ഈ പടം ഓടുമോ ആൾക്കാർക്ക് ഇഷ്ടമാകുമോ എന്നതൊക്കെ ആലോചിച്ചിട്ട്. അഭിനയം എന്ന പ്രോസസാണ് നമ്മൾ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുക. ബാക്കി ആളുകൾ കണ്ടിട്ട് പറയണം. അഭിനയിച്ചു കഴിഞ്ഞാൽ കഴിഞ്ഞതാണ്. പിന്നെ നമുക്ക് തിയേറ്ററിൽ പോയി തിരുത്താൻ കഴിയില്ലല്ലോ. വന്നത് വന്നു. ആളുകൾക്ക് ഇഷ്ടപ്പെടുമോ എന്ന ടെൻഷനും ആങ്സൈറ്റിയുമൊക്കെയുണ്ടാകും.
ഇങ്ങനെ ഒരു സിനിമ ചെയ്യണം, അങ്ങനെ ഒരു സിനിമ ചെയ്യണം എന്നൊന്നും ആലോചിക്കാറില്ല. നമ്മൾ കേൾക്കുന്ന കഥകളിൽ ഇഷ്ടമായവ ചെയ്യും. അതുപോലെ കേൾക്കുന്ന കഥകളിൽ എല്ലാ പടവും നമുക്ക് പ്രൊഡ്യൂസ് ചെയ്യാൻ കഴിയില്ല. കാതൽ കഴിഞ്ഞ് പ്രൊഡ്യൂസ് ചെയ്യുന്നത് കണ്ണൂർ സ്ക്വാഡാണ്. അതിന് ശേഷം ടർബോയാണ്. അതിന് ശേഷം ഇനി ഏത് ചിത്രമാണെന്നൊന്നും തീരുമാനിച്ചിട്ടില്ല” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.