”ചാവേർ-മൈൻസ്ട്രീം സിനിമയും ആർട്ട് ഹൗസും ഇഴ ചേരുന്ന കയ്യടക്കം”; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചാവേർ റിവ്യൂ
തിയേറ്ററിൽ റിലീസ് ചെയ്ത് സിനിമ തീരും മുൻപേ നെഗറ്റീവ് പ്രചരണങ്ങളാൽ വീർപ്പുമുട്ടിയ സിനിമയാണ് ചാവേർ. പക്ഷേ ശക്തമായ കണ്ടന്റും അസാധ്യ മേക്കിങ്ങും കാരണം ഒരു വിധം പിടിച്ച് നിൽക്കാനായി. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാവവേഷത്തിലെത്തിയത്.
അർജുൻ അശോകൻ, സംഗീത, മനോജ് കെ യു, ആന്റണി വർഗീസ്, ദീപക് പറമ്പോൽ, സജിൻ ഗോപു തുടങ്ങിയവരായിരുന്നു ചാവേറിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉത്തരമലബാറിലെ കൊലപാതക രാഷ്ട്രീയം വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിച്ച ഈ സിനിമയിൽ രാഷ്ട്രീയത്തിനടിയിലൂടെ ഒളിച്ചുകടത്തുന്ന ജാതി വ്യവസ്ഥയും വിഷയമായിട്ടുണ്ടായിരുന്നു. ഇതും ഡീഗ്രേഡിങ്ങിന് കാരണമായിട്ടുണ്ടാകും എന്ന് വേണം കരുതാൻ.
കഴിഞ്ഞ ആഴ്ചയാണ് ചാവേർ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. ഡീഗ്രേഡിങ് മൂലവും അല്ലാതെയുള്ള കാരണങ്ങളാലും തിയേറ്ററിൽ പോകാൻ കഴിയാത്തവർ ഇപ്പോൾ ഒടിടിയിൽ സിനിമ കണ്ട് കഴിഞ്ഞ് മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ചാവേറിനെ കുറിച്ച് പ്രമോദ് കുമാർ എന്നൊരാൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ…
ചാവേർ SonyLiv – ൽ കണ്ടു. അടുത്ത കാലത്തെന്നല്ല, ഞാൻ മലയാളത്തിൽ കണ്ട എല്ലാക്കാലത്തേയും മറക്കാനാവാത്ത ഗംഭീര ചിത്രം. ഒരു പക്ഷെ കെ ജി ജോർജ് ഇന്നത്തെക്കാലത്തെ സങ്കേതങ്ങളുപയോഗിച്ച് സിനിമയെടുത്തിരുന്നെങ്കിൽ ഇങ്ങനെയെടുക്കുമായിരുന്നെന്നു തോന്നി. കാൻ ഫെസ്റ്റിവലിൽ അവാർഡ് കിട്ടിയ ഡ്രൈവ് എന്ന ഗ്യാങ്സ്റ്റർ ചിത്രത്തെ ഓർത്തു പോയി – മൈൻസ്ട്രീം സിനിമയും ആർട്ട് ഹൌസും ഇഴ ചേരുന്ന കയ്യടക്കം. ചിത്രത്തിന്റെ ഇതിവൃത്തവും, അതെടുത്തു രീതിയും ലോകോത്തരം എന്നേ പറയേണ്ടൂ. സത്യജിത് റേയും, കെജി ജോർജും, മണി രത്നവും, സ്കോർസേസിയും ഒക്കെ ഒരു സിനിമയിൽ വന്ന പോലെ. ടിനു പാപ്പച്ചന്റെ മറ്റു സിനിമകൾ കണ്ടിട്ടില്ല, പക്ഷെ ആൾ ചില്ലറക്കാരനല്ല എന്ന് മനസ്സിലായി.
ചിത്രത്തിന്റെ എഴുത്തും ഗംഭീരം തന്നെയാണ്. പലവട്ടം കണ്ട പ്രമേയമെന്നൊക്കെ പറയാം, പക്ഷെ കേരളത്തിനെ വയലൻസ് കൊണ്ട്. മലീമസമാക്കിയ ഒരു പാർട്ടിയുടെ ഭീകരത ഇത്രയും ചില്ലിങ് ആയി മുൻപ് തോന്നിയിട്ടില്ല. അതാണ് ഈ സിനിമയുടെ വിജയം. ഇത് ഇന്റർനാഷണൽ ഫെസ്റ്റിവൽ സർക്യൂട്ടിൽ പോവേണ്ട സിനിമയായിരുന്നു. നിരാശാകരമായ ഒരു കാര്യം ഈ രാഷ്ട്രീയസംസ്കാരം ഇനി കേരളം വിട്ടു പോകില്ല, കാരണം ധാരാളം ചെറുപ്പക്കാർ ഇവിടം വിട്ടൊഴിയുകയാണ്. ഈ രാഷ്ട്രീയത്തിന്റെ ചുരുളിയായി മാറുക മാത്രമാണ് ആ ഭൂമികയുടെ ഗതി.
ഈ സിനിമയെ ദുർപ്രചാരണത്തിലൂടെ കമേഴ്‌സ്യൽ ആയി തോൽപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതു മാത്രം മതി ഇപ്പറയുന്ന വയലൻസ് എത്ര റിയൽ ആണെന്ന് മനസ്സിലാക്കാൻ. അതു പോലെ യൂട്യൂബ്-ൽ വയറ്റുപ്പിഴപ്പിന് റിവ്യൂ പറയുന്നവർ എത്രത്തോളം ഡൂക്കിലികളാണെന്നതും. ഈ സിനിമ മലയാള സിനിമയിലെ ഒരു കൾട്ട് മൂവി ആയി ഒരിക്കൽ മാറും.