അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും നിക് ജൊനാസും

ആരാധകരുടെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. വാർഷികത്തോടനുബന്ധിച്ച് ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫാന്‍ പേജിലാണ് താരദമ്പതികളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇരുവർക്കും വിവാഹവാര്‍ഷിക ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി.

ഇരുവരും ന്യൂയോർക്ക് നഗരത്തിലൂടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിക്കും പ്രിയങ്കയും ദാമ്പത്യജീവിതത്തിൽ അരപതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. എന്നാൽ ചിത്രത്തിൽ മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെയാണ് ആരാധകർ തിരഞ്ഞത്.

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. നിക്കും പ്രിയങ്കയും ഒരു വർഷം പോലും ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു.

2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

Related Posts