2023ൽ ഏറ്റവും കളക്ഷൻ നേടിയ പത്ത് തെന്നിന്ത്യൻ ചിത്രങ്ങൾ; അതിലൊരു മലയാള സിനിമയും…!
ഈയിടെയായി തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിനെ മറികടക്കുന്ന രീതിയിലേക്കുള്ള വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. ബാഹുബലിയില്‍ നിന്നും തുടങ്ങിവെച്ച തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ റീച്ച് ആണ് കളക്ഷന്‍ വര്‍ധിച്ചതിന് പിന്നിലെ ഒരു ഘടകം. ഒടിടി പ്ലാറ്റ്ഫോമുകളുടെ അതിപ്രസരവും തെന്നിന്ത്യന്‍ സിനിമയുടെ പാന്‍ ഇന്ത്യന്‍ റീച്ച് സ്ഥിരപ്പെടുത്തിയ ഘടകമാണ്.
ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 തെന്നിന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് ചുവടെ. ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമയുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. ഒരിടയ്ക്ക് തെലുങ്ക് സിനിമകളാണ് കളക്ഷനില്‍ അത്ഭുതങ്ങള്‍ കാട്ടിയതെങ്കില്‍ ഈ വര്‍ഷം തമിഴ് സിനിമകളാണ് മുന്നിൽ നിൽക്കുന്നത്. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലേക്ക് ഇടംപിടിക്കുന്ന പല ചിത്രങ്ങളും ഈ വര്‍ഷം റിലീസ് ചെയ്തിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തെന്നിന്ത്യന്‍ ഹിറ്റ്. 615 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്.
രണ്ടാം സ്ഥാനം നേടിയതും തമിഴ് സിനിമയാണ്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ ജയിലര്‍ ആണ് ആ ചിത്രം. വിനായകന് പ്രതിനായകനായ, മോഹന്‍ലാലും ശിവ രാജ്കുമാറും അതിഥിതാരങ്ങളായെത്തിയ ജയിലറിന്റെ ആഗോള ഗ്രോസ് 607 കോടിയാണ്. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ആദിപുരുഷ് ആണ് മൂന്നാം സ്ഥാനത്ത്. 353 കോടിയാണ് ചിത്രത്തിന്റെ ഫൈനല്‍ വേള്‍ഡ് വൈഡ് ഗ്രോസ്. 4, 5 സ്ഥാനങ്ങളില്‍ വീണ്ടും തമിഴ് സിനിമകള്‍ തന്നെ. മണി രത്നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടും വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രം വാരിസും. പിഎസ് രണ്ട് 343 കോടിയും വാരിസ് 292 കോടിയുമാണ് നേടിയത്.
ആറാം സ്ഥാനത്ത് വീണ്ടുമൊരു തെലുങ്ക് ചിത്രമാണ്. ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യയാണ് ചിത്രം. 210 കോടിയാണ് ഗ്രോസ്. ഏഴാം സ്ഥാനത്ത് അജിത്ത് കുമാര്‍ നായകനായ തുനിവ് ആണ്. 196 കോടിയാണ് ആഗോള ഗ്രോസ്. എട്ടാം സ്ഥാനത്ത് ഒരു മലയാള ചിത്രമാണ്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം നിര്‍വ്വഹിച്ച 2018 ആണ് ആ ചിത്രം. 9, 10 സ്ഥാനങ്ങളില്‍ തെലുങ്ക് ചിത്രങ്ങളാണ്. നന്ദമുറി ബാലകൃഷ്ണ നായകനായ വീര സിംഹ റെഡ്ഡിയും നാനി നായകനായ ദസറയും. വീര സിംഹ റെഡ്ഡി നേടിയത് 119 കോടിയും ദസറ നേടിയത് 115 കോടിയുമാണ്.