കേരളത്തെ പിടിച്ചുലച്ച രക്തംചിന്തിയ സംഭവം..!: ദിലീപ് ചിത്രം തങ്കമണിയുടെ ടീസർ പുറത്ത്

എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ദിലീപ് നായകനായെത്തുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. ഇപ്പോൾ സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചുരുങ്ങിയ സമയം കൊണ്ടാണ് ടീസർ ആരാധകശ്രദ്ധ നേടിയത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തിൽ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സർവീസിനെ ചൊല്ലിയുണ്ടായ തർക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്. ഈ സംഭവം പിന്നീട് കെ കരുണാകരന് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ വരെ വഴിയൊരുക്കി.

Related Posts