75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം “കണ്ണൂര്‍ സ്ക്വാഡ്”
മമ്മൂട്ടി നായകനായി വമ്പൻ വിജയ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. 75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് 18 ദിവസം കൊണ്ട് 75 കോടി കടന്നത്. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം കളക്ട് ചെയ്യാന്‍ സാധിച്ചു. ഓവര്‍സീസില്‍ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് കണ്ണൂർ സ്ക്വാഡിന്റെ കുതിപ്പ്. സിനിമയുടെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രം 75 കോടി നേടിയ കാര്യം അറിയിച്ചിരിക്കുന്നത്.
റിലീസിന് കണ്ണൂര്‍ സ്ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. എന്തായാലും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന്റെ തുടക്കം വമ്പൻ നേട്ടത്തിലേക്കുള്ള കുതിപ്പിന്റെ സൂചനയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയുമാണ്. കണ്ണൂര്‍ സ്ക്വാഡ് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം വാരത്തിലും മുന്നൂറില്പരം സ്ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നാം ആഴ്ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. വിജയ് ചിത്രം ലിയോ ഒക്ടോബർ 19-ാം തിയതി റിലീസ് ചെയ്യുന്നത് കണ്ണൂര്‍ സ്ക്വാഡിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്. സിനിമയുടെ സക്സസ് ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് അണിയറ പ്രവര്‍ത്തകര്‍. കൂടാതെ മലയാള സിനിമകളെ പിന്തുണയ്ക്കണമെന്നും ടീസറിന്റെ അവസാനം പറയുന്നു. ലിയോ പുറത്തിറങ്ങുന്നതോടെ മലയാളം സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മമ്മൂട്ടിക്കമ്പനിയുടെ ഈ നീക്കം. മലയാള സിനിമകളെ പിന്തുണയ്ക്കുന്നത് തുടരണമെന്ന വാചകം ഈ ചര്‍ച്ചകള്‍ മുന്നില്‍ കണ്ടാണെന്നാണ് പ്രേക്ഷക പക്ഷം.
സംവിധാനം റോബി വര്‍ഗീസ് രാജാണ്. സംവിധായകനായി റോബി വര്‍ഗീസ് രാജ് തുടക്കം മികച്ചതാക്കിയിരിക്കുന്നു. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്. മമ്മൂട്ടി ജോര്‍ജ് മാര്ട്ടിൻ എന്ന കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്ക്വാഡില്‍ പ്രകടനത്തില്‍ വിസ്മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂര്‍ സ്ക്വാഡില്‍ നടത്തിയിരിക്കുന്നു.