“ഡയലോഗ് കാണാതെ പറഞ്ഞ് എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചപ്പോൾ ഇനി അഭിനയിക്ക് എന്നായിരുന്നു പറഞ്ഞത്” ; കലാഭവൻ ഷാജോൺ
മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ. തുടക്കകാലത്ത് നിരവധി കോമഡി വേഷങ്ങൾ ചെയ്ത താരം പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തും ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിൽ പോലും തന്റെ സാന്നിധ്യം അറിയിച്ച ഷാജോൺ മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ക്യാരക്ടർ റോളുകളിലൂടെ കയ്യടി നേടുകയാണ് ഇപ്പോൾ. കലാഭവൻ ഷാജോണിന്റെ കരിയറിലെ തന്നെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. ഈ ചിത്രത്തിലൂടെയാണ് ഷാജോൺ വില്ലൻ വേഷം അണിയുന്നത്.
ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ സഹദേവൻ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി സിനിമാ മേഖലയിൽ വിലയിരുത്തപ്പെടുന്നു. മോഹൻലാലും ഷാജോണും തമ്മിലുള്ള ചിത്രത്തിലെ രംഗങ്ങൾ തിയറ്ററിൽ പോലും വലിയ കൈയ്യടി നേടുകയും ചെയ്തു. ഷാജോണും മോഹൻലാലും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഷാജോൺ. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിലാണ് ഷാജോൺ മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൻറെ ചിത്രീകരണ വേളയിലുള്ള അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. “ലേഡീസ് ആൻഡ് ജെന്റിൽമാനിൽ 45 ദിവസത്തോളം ഞാൻ ലാലേട്ടന്റെ കൂടെ ഉണ്ടായിരുന്നു.
ലാലേട്ടന്റെ മുന്നിൽ അഭിനയിച്ചു കാണിക്കാൻ വേണ്ടി വെമ്പി നിൽക്കുകയായിരുന്നു. അങ്ങനെ ഒരു സീനിൽ എനിക്കൊരു ഡയലോഗ് കിട്ടി. ബാറിൽ സ്മാൾ ഒഴിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതാണ് രംഗം. ഫുൾ ഡയലോഗും എനിക്കാണ്. ഒടുവിൽ എന്നെ ഒന്ന് നോക്കിയിട്ട് അങ്ങ് പോകുന്ന രംഗം മാത്രമാണ് ലാലേട്ടന് ഉള്ളത്. ഞാൻ നോക്കുമ്പോൾ രണ്ടു പേജ് ഡയലോഗ് ഉണ്ട്. ഇന്ന് ഞാൻ കലക്കും, ലാലേട്ടനെ കൊണ്ട് കയ്യടിപ്പിച്ച് എന്നെ കെട്ടിപ്പിടിപ്പിക്കും നോക്കിക്കോ എന്ന് പറഞ്ഞാണ് പോയത്. ഡയലോഗ് മൊത്തം കാണാതെ പഠിച്ച് ഒരൊറ്റ അലക്ക്. എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചപ്പോൾ മോൻ ഡയലോഗ് പറഞ്ഞു ഇനി അഭിനയിക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അല്ല ഞാൻ അഭിനയിച്ചു എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നാലെ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം എനിക്ക് കാണിച്ചു തരികയായിരുന്നു. ഡയലോഗ് പറഞ്ഞു കഴിഞ്ഞാൽ അതിന് ഗ്യാപ്പ് ഇടേണ്ട ഒരു സ്ഥലം ഉണ്ട്. ചേട്ടൻ ഇങ്ങനെ വന്നിരിക്കുമ്പോൾ മോൻ ഒരു ഗ്ലാസിൽ ഇത് ഒഴിച്ച് തരണം. അപ്പോൾ ചേട്ടൻ ഇങ്ങനെ നോക്കും. അപ്പോൾ മോൻ ഡയലോഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ച് തരണം. ഞാൻ ആ ഗ്ലാസ് എടുക്കുമ്പോൾ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ പറഞ്ഞ് അദ്ദേഹം എനിക്ക് വിശദീകരിച്ച് തന്നു. അതേസമയം ഞാനാകെ കിളി പോയ അവസ്ഥയിലായിരുന്നു. ഞാൻ ഉണ്ടാക്കി വെച്ചിരുന്ന ടൈമിംഗ് മൊത്തം പോയി.
എന്നാൽ ഇതോടെ മറ്റൊരാളുടെ കൂടെ അഭിനയിക്കുമ്പോൾ ഇയാൾ എപ്പോൾ ആയിരിക്കും നമ്മളെ നോക്കുക എന്ന് അറിയാൻ സാധിക്കും. ചിലപ്പോൾ ഞാൻ ഓർത്തിട്ടുണ്ട് ഈ ആക്ഷൻ എന്ന് പറയുന്നതൊന്നും ഇങ്ങേര് കേട്ടില്ലേ എന്ന്. ആക്ഷൻ പറഞ്ഞാലും ചിലപ്പോൾ ഒന്നും മിണ്ടാതെ ഒക്കെ ഇരുന്നു കളയും. ആക്ഷൻ കേട്ട് കാണത്തില്ല പണി പാളി എന്നൊക്കെ ഞാൻ കരുതും. എന്നാൽ സ്ക്രീനിൽ വരുമ്പോഴാണ് ആ സൈലൻസിന്റെ അർത്ഥം മനസ്സിലാകുന്നത്. അതൊക്കെ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും” ഷാജോൺ പറയുന്നു.