‘ ‘മോണ്‍സ്റ്റര്‍’ ഫുള്‍ തിരക്കഥ എഴുതി ഷൂട്ട് ചെയ്ത സിനിമയല്ല’; വൈശാഖ് തുറന്ന് പറയുന്നു
മോഹന്‍ലാല്‍ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയാണ്. ‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷകളുള്ള ഒന്നാണ് ‘മോണ്‍സ്റ്റര്‍’. എന്നാല്‍ പുലിമുരുകനെപോലെ ഒരു മാസ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സംവിധായകന് വൈശാഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സാധാരണ ഒരു സിനിമയില്‍ കാണുന്നതുപോലെ വളരെ വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ചിത്രമായിരിക്കില്ല ‘മോണ്‍സ്റ്റര്‍’ എന്നും വൈശാഖ് പറയുന്നു.
തന്നെ സംബന്ധിച്ചിടത്തോളം ‘മോണ്‍സ്റ്റര്‍’ വ്യത്യസ്തമായ ഒരു സിനിമയാണെന്നും അങ്ങനെ പറയുമ്പോള്‍ എനിക്ക് വ്യത്യസ്തമാണ് എന്നാണ് അര്‍ഥമെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ എല്ലാ സിനിമകളും കാണുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം വ്യത്യാസമുണ്ട് എന്നത് അവര്‍ക്ക് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ഓരോര്‍ത്തര്‍ക്കും ഓരോ രീതിയിലാണ് സിനിമ ഫീല്‍ ചെയ്യുക. അത് വ്യക്തിപരമാണെന്നും വൈശാഖ് പറയുന്നു.
എന്നെയും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയെയും സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ചെയ്തിട്ടില്ലാത്ത, സഞ്ചരിക്കാത്ത തരത്തിലുള്ള അനുഭവങ്ങളുള്ള എഴുത്തുള്ള, മേയ്ക്കിംഗ് ഉള്ള ഒരു തരം സിനിമയാണ്. ഞങ്ങള്‍ക്ക് വളരെ ഇന്‍ടറസ്റ്റിംഗ് ഉള്ള സിനിമയാണ് ‘മോണ്‍സ്റ്റര്‍’. കാണുന്ന ആള്‍ക്കാര്‍ക്കും അങ്ങനെ ആകുമെന്നാണ് വിശ്വാസം. മോണ്‍സ്റ്റര്‍’ ചെയ്യാനുള്ള കാരണം അതിന്റെ കണ്ടന്റ് ആണ്. ഇതിന്റെ ഒരു ബേസ് ലൈനാണ്. വളരെ ഇന്‍ടറസ്റ്റിംഗ് ആയി പ്ലേസ് ചെയ്തിരിക്കുന്ന ഒരു സ്ക്രീന്‍പ്ലേ ആണ് ഇത്. കുറച്ച് ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ സിനിമയിലേക്ക് കയറാന്‍ പറ്റുകയുള്ളൂ.
കുറച്ച് ക്ഷമയോടെ ഇരുന്ന് അതിലേക്ക് ലാന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ സിനിമ വളരെ ഇന്‍ടറസ്റ്റിംഗ് ആയി മാറുന്ന ഒരു ട്രീറ്റ്മെന്റാണ് ‘മോണ്‍സ്റ്ററി’ന്റെ സ്വഭാവത്തിലുള്ളത്. പിന്നെ ഇതൊരു ഫുള്‍ സ്ക്രീന്‍പ്ലേ എഴുതി ഷൂട്ട് ചെയ്ത ഒരു സിനിമയല്ല. ഇങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് ആലോചനയുണ്ടാകുകയും കോണ്‍സെപ്റ്റ് ഫിക്സ് ചെയ്യുകയും അതിന് ശേഷം എല്ലാവരും അതിന്റെ ഡിസ്കഷനില്‍ പങ്കാളികളായി വളരെ ആസ്വദിച്ച് ചെയ്ത പാക്കേജാണ് മോണ്‍സ്റ്റര്‍ എന്നും വൈശാഖ് വ്യക്തമാക്കുന്നു.