“ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്” : പൃഥ്വിരാജ് സുകുമാരൻ
വർഷങ്ങൾക്കുശേഷം തിരുവനന്തപുരം സ്വദേശിയായ പൃഥ്വിരാജിന്റെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് പത്മനാഭന്റെ മണ്ണിൽ നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭയുടെ ചടങ്ങിന് ഇരട്ടി മധുരം നൽകുവാൻ പൃഥ്വിരാജും. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനടമേൽ പാലം നാടിനു സമർപ്പിച്ചപ്പോൾ ഉദ്ഘാടനത്തിനായി എത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നടൻ പൃഥ്വിരാജ് സുകുമാരൻ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുകയും അഭിമാനം അനന്തപുരി സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന സന്തോഷമാണ് തനിക്കും ഉണ്ടാകുന്നത് എന്ന് പറഞ്ഞു തുടങ്ങിയ താരം തൻറെ കോളേജിൽ പഠിക്കുന്ന സമയത്ത് പഴവങ്ങാടിയിൽ നിന്ന് റോഡിലേക്കുള്ള യാത്രയെപ്പറ്റിയുള്ള അനുഭവവും ചടങ്ങിൽ പറയുകയുണ്ടായി. ഒരുപാട് തവണ പോലീസ് പിടിച്ചു നിർത്തിയ റോഡിൽ നാട്ടുകാരുടെ സന്തോഷത്തിനു മുന്നിൽ നിൽക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇതുപോലൊരു പബ്ലിക് ഇൻഫ്രാ സ്ട്രക്ചർ വലിയ മഹത് വ്യക്തിത്വങ്ങളുടെ പേരിൽ പണിതുയർത്തിയ ഐഡിയേഷൻ ടീമിനെയും താരം അഭിനന്ദിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ താൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാപ്പാ എന്ന സിനിമയിൽ തൻറെ ജന്മഭാഷയായ തിരുവനന്തപുരം സ്ലാങ്ങിൽ ആണ് സംസാരിക്കുന്നത് എന്ന സന്തോഷപരമായ കാര്യവും താരം പങ്കുവെച്ചു. ജീവിതത്തിൽ ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത് എന്നും അതുകൊണ്ടാണ് എന്തുവന്നാലും വന്നുകളയാം എന്ന് വിചാരിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയും AXO ENGINEERS PVT.LTD സംയുക്തമായി പൂർത്തീകരിച്ച മേൽപ്പാലം 14 മീറ്റർ നീളത്തിൽ മുതിർന്ന പൗരന്മാർക്ക് രണ്ട് ലിറ്റുകൾ, നാലു ഗോവണികൾ, അഭിമാനം അനന്തപുരി സെൽഫി കോർണർ, സുരക്ഷയ്ക്കായി 36 ക്യാമറകൾ, നാലു പ്രവേശന കവാടങ്ങൾ, പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.