“സത്യത്തിൽ ഞാൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണ്, കാപ്പയിൽ സംസാരിക്കുന്നത് എന്റെ ഭാഷയിൽ”; പൃഥ്വിരാജ്
1 min read

“സത്യത്തിൽ ഞാൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണ്, കാപ്പയിൽ സംസാരിക്കുന്നത് എന്റെ ഭാഷയിൽ”; പൃഥ്വിരാജ്

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി പണികഴിപ്പിച്ച കാൽനടമേൽ പാലം നാടിന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയിരുന്നത് മലയാള സിനിമയുടെ തന്നെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കുന്ന പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ വാക്കുകൾക്ക് ലഭിച്ചത്. “ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഉദ്ഘാടനത്തെപ്പറ്റി സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ എന്ത് സംഭവിച്ചാലും എത്താമെന്ന് കരുതുകയായിരുന്നു” എന്നാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ക്ഷണത്തെപ്പറ്റി പൃഥ്വിരാജ് വ്യക്തമാക്കിയത്.


അതിനുശേഷം തിരുവനന്തപുരം നഗരവുമായി തനിക്കുള്ള ആത്മബന്ധത്തെപ്പറ്റിയും പൃഥ്വിരാജ് വ്യക്തമാക്കുകയുണ്ടായി. പഠിക്കുന്ന സമയത്ത് കിഴക്കേകോട്ട മുതൽ പഴവങ്ങാടി വരെ താൻ ബൈക്കിൽ സഞ്ചരിക്കുമായിരുന്നു എന്നും പലപ്പോഴും സ്പീഡിൽ പോയതിന്റെ പേരിൽ പോലീസ് തടഞ്ഞു നിർത്തിയിട്ടുണ്ടെന്ന് ആണ് താരം പറഞ്ഞത്. ആ റോഡിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിവാഹിച്ചുകൊണ്ട് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അതിൽ സന്തോഷിക്കുന്നു എന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുകയുണ്ടായി. ഒപ്പം താൻ ഒരു തിരുവനന്തപുരത്തുകാരൻ ആണെന്നും ഇവിടെയൊക്കെ എത്തുമ്പോഴാണ് തനിക്ക് സ്വന്തം വീട്ടിലേക്ക് എത്തിയ അനുഭൂതി തോന്നുന്നതെന്നും താരം വ്യക്തമാക്കി.

സിനിമയോടനുബന്ധിച്ചുള്ള തിരക്കുകളിൽ പെട്ടപ്പോഴാണ് തിരുവനന്തപുരത്ത് നിന്നും താമസം എറണാകുളത്തേക്ക് താൻ മാറ്റിയത് എന്നാണ് താരം പറഞ്ഞത്. അപ്പോഴും ജന്മനാടും ജന്മ ഭാഷയും തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും താരം വ്യക്തമാക്കുകയുണ്ടായി. താൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയിൽ താൻ തിരുവനന്തപുരം ഭാഷ തന്നെയാണ് സംസാരിക്കുന്നതെന്ന് ആണ് താരം പറഞ്ഞത്. മാത്രവുമല്ല വർഷങ്ങൾക്കുശേഷമാണ് തൻറെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് പത്മനാഭന്റെ മണ്ണിൽ വെച്ച് നടക്കുന്നതെന്നും അതിൽ താൻ വളരെയധികം സന്തോഷിക്കുന്നു എന്നുമാണ് പൃഥ്വി വ്യക്തമാക്കിയത്. നാടിനു വേണ്ടി ജീവിച്ച മഹത് വ്യക്തിത്വങ്ങളെ എല്ലാവരെയും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നഗരസഭയുടെ കാൽനട മേൽപ്പാലം പണികഴിപ്പിച്ചിരിക്കുന്നത്.