‘മമ്മൂട്ടിയുടെ ആ സിനിമയിലെ ഡബ്ബിങ്ങും വോയ്സ് മോഡുലേഷനും മോഹന്‍ലാലിനോട് കേട്ട് പഠിക്കാന്‍ പറഞ്ഞു’: ഫാസില്‍
കലാമൂല്യവും കച്ചവടസാധ്യതയുമുള്ള സിനിമകള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ഫാസില്‍. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ഫാസിലിന്റെ കലാജീവിതം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിനടുത്ത സിനിമാജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് ഫാസില്‍ സംവിധാനം ചെയ്തത്. മലയാള സിനിമയുടെ വാണിജ്യപരവും കലാപരവുമായ നിലനില്‍പ്പിന് ഫാസില്‍ നല്കിയ സംഭാവന ഏറെ വലുതാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പഴയ കാല ഓര്‍മകളും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ട്രെങ്ത്തും വീക്ക്നെസുകളെക്കുറിച്ചും ഫാസില്‍ പറഞ്ഞത്. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയില്‍ മമ്മൂട്ടി രണ്ട് പ്രായത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ദിവസം ശ്രീനിവാസനും സത്യന് അന്തിക്കാടും ഈ ചിത്രം കണ്ടതിന് ശേഷം മോഹന്‍ലാലിനെ വിളിച്ച് ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കാണണമെന്നും വോയ്സ് മോഡുലേഷന് എന്താണെന്ന് മനസിലാക്കണമെന്നും അവര്‍ പറഞ്ഞുവെന്ന് ഫാസില്‍ പറയുന്നു.
മോഹന്‍ലാലിന്റെ പണ്ടത്തെ പടങ്ങളില്‍ വോയ്സ് മോഡുലേഷന് വളരെ ശക്തമായിരുന്നില്ല. പിന്നീട് മോഹന്‍ലാല്‍ അതില്‍ കാലനായി. വലിയ കാലനായി. എനിക്ക് തോന്നുന്നത് മലയന്‍കുഞ്ഞിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തോളം ഫഹദ് ഡബ്ബ് ചെയ്യാതെ ഒഴിഞ്ഞു നടന്നു. അത് ഒരു ആര്ടിസ്റ്റിന് ഉണ്ടാകുന്ന ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡബ്ബിംങ് മഡ്രാസില് മതിയെന്ന് ആദ്യം പറയുകയും പിന്നീട് കൊച്ചിയില്‍ ചെയ്യാമെന്ന് പറയുകയുമായിരുന്നു ഫഹദ്. അങ്ങനെ വിക്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ദിവസം മെന്റലി പ്രിപ്പെയര്‍ ചെയ്ത് ഡബ്ബിംങ് ചെയ്ത് തീര്‍ക്കുകയായിരുന്നു.
മോഹന്‍ലാലിലും ഫഹദിലും ഞാന്‍ കാണുന്ന ക്വാളിറ്റി അവര്‍ ഇന്‍ബോണ്‍ ആര്‍ട്ടിസ്റ്റുകളാണ്. അവര്‍ എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ അതില്‍ കാലപ്പഴക്കം ഉണ്ടായിരിക്കില്ല. എന്നാല്‍ ഈ ടാലന്റ് മനസിലാക്കി ബുദ്ധിപൂര്‍വ്വം വളര്‍ത്തിയെടുത്ത നടന് മമ്മൂട്ടിയാണെന്നും അദ്ദേഹം കഠിനാധ്വാനം ചെയ്ത് അതിലേക്ക് വന്നു. മമ്മൂട്ടി വളരെ സക്സസ് ആകാത്തത് ഡാന്‍സ് സ്റ്റെപ്സിന്റെ കാര്യത്തില്‍ മാത്രമാണ്. ബാക്കിയെല്ലാം മമ്മൂട്ടി ഭയങ്കരമായി മാറ്റിക്കളഞ്ഞു. ബോഡി ലാംഗ്വേജ്, ശൈലി എല്ലാം പഠിച്ച് ചെയ്തുകളഞ്ഞു. രാജമാണിക്യത്തിലെയൊക്കെ ആ സ്ലാംഗ് പിടിച്ചതൊക്കെ നമ്മള് കണ്ടതാണ്. അത് മമ്മൂട്ടിയുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ്.