‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍
1 min read

‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതല്‍ക്ക് തുടങ്ങിയ നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും നീളുകയാണ്. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്.

മികച്ച വിജയം നേടിയ ചിത്ര ഒടിടി റിലീസിന് ഒരുങ്ങവേയാണ് ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുന്നത്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന്‍ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന പേര് കടുവാകുന്നില്‍ കുര്യാച്ചന്‍ എന്നാക്കിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.

ഇന്ത്യയില്‍ മാത്രമാണ് കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളൂവെന്നും വിദേശരാജ്യങ്ങളില്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് ജോസ് കുരുവിനാക്കുന്നേലിന്റെ പുതിയ പരാതി. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് ജോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമപ്രകാരം ലോകത്ത് എവിടെ സിനിമം റിലീസ് ചെയ്താലും ഒരു പോലെ ആയിരിക്കണമെന്നും, ഇതിന്റെ ലംഘനമായതിനാല്‍ ഒടിടി റിലീസ് തടയണമെന്നും കുറുവച്ചന്‍ ആവശ്യപ്പെടുന്നു. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതിയില്‍ കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിറക്കി.

ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.