‘ഗാനമേളക്കിടെ അടിച്ച് കിളിപാറിയൊരു അമ്മാവന്റെ ഡിസ്ക്കോ’; സൂക്ഷിച്ചു നോക്കിയപ്പോ.. ഹമ്പോ നമ്മടെ ചാക്കോച്ചൻ
കഴിഞ്ഞദിവസം യൂട്യൂബിൽ ഒരു വീഡിയോ ഇറങ്ങി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയത്. ഗാനം നമുക്കെല്ലാം വളരെയധികം സുപരിചിതമാണ്. പുതിയ സിനിമയിൽ പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത് ആദ്യമായി അല്ല. ഇതിനുമുമ്പും പല പഴയ പാട്ടുകളും പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും കൗതുകം തോന്നി വീഡിയോ പ്ലേ ചെയ്തു. ഒരു ഉത്സവപ്പറമ്പാണ് പശ്ചാത്തലം. സ്റ്റേജിൽ ഗാനമേള നടക്കുകയാണ്. കാണികൾ പാട്ട് ആസ്വദിച്ചു തുടങ്ങി. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലെ ദേവദൂതർ പാടി എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിക്കുന്നത്. പാട്ട് തുടങ്ങി അല്പനേരം ആവുമ്പോഴേക്കും നേരെ കാണികൾ പാട്ട് ആസ്വദിക്കുന്ന ദൃശ്യങ്ങളിലേക്ക്.
അതിൽ ഒരാൾ മതിമറന്ന് ഡിസ്കോ ഡാൻസ് കളിക്കുകയാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ അടിച്ച് കിളി പാറിയ ഒരു അമ്മാവന്റെ അഴിഞ്ഞാട്ടം എന്ന് തന്നെ പറയാം. പാട്ടും ഡിസ്കോയും തമ്മിൽ യാതൊരു ബന്ധവുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുമല്ലോ. എന്നാലും നല്ല വൈബുണ്ട് കാണാൻ. സംശയം തോന്നി ആ അമ്മാവനെ സൂക്ഷിച്ചൊന്ന് നോക്കി. ഹമ്പോ…ഇത് നമ്മുടെ ചാക്കോച്ചൻ അല്ലേ… ഇങ്ങേര് ഇത് എന്തു ഭാവിച്ചാണ്. വർഷങ്ങളായി മലയാള സിനിമയുടെ ചോക്ലേറ്റ് നായകൻ എന്ന പദവി അലങ്കരിച്ചു കൊണ്ടിരുന്ന ആ സുന്ദരകുട്ടപ്പനെ ഒറ്റയടിക്ക് കട്ട ലോക്കൽ ആയി സ്ക്രീനിൽ കാണുന്നു. അതും വെറൈറ്റി ഡിസ്കോയുമായി. ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചനെ കടത്തിവെട്ടാൻ മലയാളത്തിൽ ഇന്നുവരെ ആരും വന്നിട്ടില്ല.
അദ്ദേഹത്തിന്റെ ചടുലമായ നൃത്ത ചുവടുകൾ അനിയത്തിപ്രാവ് തൊട്ട്, നിറത്തിലും, ചന്ദാമാമയിലും കല്യാണരാമനിലും അടക്കം എണ്ണിയാൽ തീരാത്തത്ര സിനിമകളിൽ ഉണ്ട്. എന്നാൽ ഇങ്ങനെയൊരു പ്രകടനം ചാക്കോച്ചനിൽ നിന്നും ആരും ഇതുവരെ പ്രതീക്ഷിക്കാത്ത ഒന്നാണ്. എല്ലാ നാട്ടിലേയും ഉത്സവപ്പറമ്പുകളിൽ ഇതുപോലെ ഡാൻസ് ചെയ്യുന്ന ഒരാൾ തീർച്ചയായും ഉണ്ടാകും. ചുറ്റും നൂറുപേരായാലും ആയിരം പേരായാലും അവരെയൊന്നും മൈൻഡ് ചെയ്യാതെ പാട്ടിൽ ലയിച്ച് അവനവന്റെ നൃത്തത്തിൽ മുഴുകുന്നവർ. കാണുന്നവർക്ക് അങ്ങനെ ഒരാളെ ഓർമിപ്പിച്ചു കൊണ്ടാണ് ചാക്കോച്ചന്റെ ഉഗ്രൻ പ്രകടനം. അതുകൊണ്ടുതന്നെ ഇപ്പോൾ കേരളത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാം സ്റ്റോറിസും ഭരിക്കുന്നത് ഈ ഐറ്റമാണ്. ‘ലോക്കൽ ചാക്സൺ’ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്ന രണ്ടു മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്ന ചാക്കോച്ചന്റെ ഈ പ്രകടനത്തിന് സിനിമാലോകത്ത് നിന്നും വരെ ആശംസകളുമായി പലരും എത്തുന്നുണ്ട്. കൂടാതെ വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഈ പാട്ടിനും ഏറെ ആരാധകർ ഉള്ളതിനാൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ചാക്കോച്ചൻ ഈ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നത്. സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഇങ്ങനെയൊരു ഗെറ്റപ്പും ഈ നൃത്തവും രതീഷിന്റെ ഐഡിയ ആണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക.