‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു
1 min read

‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു

കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതര്‍ പാടിയെന്ന ഗാനത്തില്‍ ഡാന്‍സ് കളിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഉത്സവപ്പറമ്പില്‍ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയത്. 1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനമാണിത്. കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന് ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടിയത് ബിജു നാരായണനാണ്. ഇപ്പോഴിതാ ഈ ഗാനം ആദ്യം മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

വളരെ അധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എവര്‍ഗ്രീന്‍ ഗാനം റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് വളരെ നിര്‍ബന്ധമുണ്ടായിരുന്നു തനിക്കെന്നും കുഞ്ചാക്കോ പറയുന്നു. അതുകൊണ്ട് ആദ്യം തന്നെ മമ്മൂക്കയെ സംഭവം കാണിച്ച് സമ്മതം വാങ്ങിച്ചു. ഇത് കണ്ട് മമ്മൂക്ക വാട്‌സാപ്പിലൂടെ തമ്പ്‌സ് അപ്പും നന്നായി ഇരിക്കുന്നുവെന്നും ലവ്യൂ എന്നുമാണ് മറുപടി നല്‍കിയത്.എന്നെ സംബന്ധിച്ച് ശരിക്കും ഫാന്‍ബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗണ്‍സ് ചെയ്തു. മാത്രമല്ല ഔസേപ്പച്ചന്‍ ചേട്ടന്‍ വിളിച്ച് സന്തോഷം പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചുവെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു.

ഇതില്‍ എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയാനേഎന്നും ജനങ്ങള്‍ ഏറ്റെടുത്തതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു. ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണ്. അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങള്‍ക്കുമെല്ലാം ആള്‍ക്കൂട്ടത്തിനിടയില്‍ ഡാന്‍സ് ചെയ്യുന്ന ഒരാളുടെ റഫറന്‍സ് സിനിമയിലുണ്ടെന്ന് സംവിധായകനായ രതീഷ് നേരത്തെ പറഞ്ഞിരുന്നു. കൊറിയോഗ്രാഫറെ വിളിക്കണോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സ്വന്തമായിട്ട് ചെയ്ത് നോക്കാമെന്ന് പറഞ്ഞ് ചെയ്തതാണിതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.