‘ചിത്രം’ എന്ന ബോക്സ്ഓഫിസ് വിസ്മയത്തിന് 34 വയസ്സ് പിന്നിടുമ്പോള്‍… ; കുറിപ്പ് വൈറലാവുന്നു
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘ചിത്രം’. 23 ഡിസംബര്‍ 1988, ചിത്രം എന്ന സിനിമ മലയാളി മനസില്‍ ചേക്കേറിയിട്ട്, മലയാള സിനിമ ബോക്സ്ഓഫിസ് ചരിത്രം തിരുത്തി കുറിച്ചിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’. സിനിമയെക്കുറിച്ച് സഫീര്‍ അഹമ്മദ് എന്ന പ്രേക്ഷകന് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
”ബോക്സ് ഓഫീസ് വിസ്മയ ചിത്രത്തിന്റെ 34 വര്‍ഷങ്ങള്‍’
ഒരു ക്രിസ്തുമസ് കാലത്ത് പ്രദര്‍ശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് കാലം വരെ 366 ദിവസങ്ങള്‍ തുടര്‍ച്ചയായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്,ഡിസംബര്‍ ഇരുപ്പത്തിമൂന്നിന് മുപ്പത്തിനാല് വര്‍ഷങ്ങളായി..മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏതെന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു,പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’..
‘ചിത്രം’ സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്സ്യല്‍ മലയാള സിനിമയെ വിഭജിക്കേണ്ടത്..ചിത്രത്തിന് മുമ്പുള്ള 50 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വര്‍ഷത്തെ മലയാള സിനിമയ്ക്കൊ ‘ചിത്രം’ നേടിയത് പോലെയുള്ള ജനപ്രീതിയൊ,ചിത്രം നേടിയത് പോലത്തെ തിയേറ്റര്‍ റണ്ണോട് കൂടി ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്..50 കോടി ക്ലബ്,100 കോടി ക്ലബ് തുടങ്ങിയ ലേബലില്‍ ഇന്ന് ബോക്സ് ഓഫീസില്‍ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം ‘ചിത്രം’ എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത..
21 A ക്ലാസ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ‘ചിത്രം’ 16 തിയേറ്ററുകളില്‍ 50 ദിവസവും,
6 തിയേറ്ററുകളില്‍ 100 ദിവസവും,
5 തിയേറ്ററുകളില്‍ 150 ദിവസവും,
4 തിയേറ്ററുകളില്‍ 200 ദിവസവും,
3 തിയേറ്ററുകളില്‍ 225 ദിവസവും,
1 തിയേറ്ററില്‍ 366 ദിവസവും പ്രദര്‍ശിപ്പിച്ച് മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ രചിച്ചു..ഒപ്പം B & C ക്ലാസ് തിയേറ്ററുകളിലും അത്ഭുതകരമായ റണ്‍ കിട്ടി..ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും വേറെ ഒരു സംവിധായകനോ നടനൊ ബ്രേക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല…ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചിത്രത്തിന്റെ ആ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും തോന്നുന്നില്ല..ചുരുക്കി പറഞ്ഞാല്‍ മലയാള സിനിമ ബോക്സ് ഓഫീസിലെ ‘ഷോലെ’ ആണ് പ്രിയദര്ശന്-ലാല്‍ ടീമിന്റെ ‘ചിത്രം’..
മംഗല്യപുഴ എന്ന സാങ്കല്‍പ്പിക ഗ്രാമം,ആ ഗ്രാമത്തിലെ തമ്പുരാന് തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വരുന്നു, മകള്‍ അച്ഛനെ കാണിക്കാനായി പതിനഞ്ച് ദിവസത്തേക്ക് ഭര്‍ത്താവായി അഭിനയിക്കാന്‍ ഒരാളെ വാടകയ്ക്ക് എടുക്കുന്നു,ആ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നായകനും നായികയും പരസ്പരം വേര്‍പിരിയാനാകാത്ത വിധം അടുക്കുന്നു,അവസാനം നായകന് തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോള്‍ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാന്‍ തീരുമാനിക്കുന്നു,ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു..ശുഭം..
ഇതാണ് ‘ചിത്രം’ എന്ന സിനിമയുടെ കഥ.. ലോകത്ത് എവിടെയും നടക്കാന്‍ സാധ്യതയില്ലാത്ത,ആരോടെങ്കിലും പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത,ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥ..ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍, പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാന്‍, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയ സിനിയാക്കാന്‍ മലയാള സിനിമയില്‍ പ്രിയദര്ശന് എന്ന സംവിധായകന് മാത്രമേ കഴിയൂ..
ചിത്രം എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം മോഹന്‍ലാല്‍ തന്നെയാണ്..വിഷ്ണു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചു..കളിയും ചിരിയും കുസൃതിയും തമാശയും ചമ്മലും സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേര്‍ത്ത് അതി മനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദര്ശന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്..ശരിക്കും ഒരു വണ്മാന് ഷോ പെര്‍ഫോമന്‍സ്, അതിഗംഭീരം എന്നൊന്നും പറഞ്ഞാല്‍ പോരാ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അത്യാകര്‍ഷകമായ,മോഹിപ്പിക്കുന്ന ആ ലാല്‍ ഭാവങ്ങളെ..മോഹന്‍ലാലിനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന് ആക്കിയതില്‍ പ്രിയദര്ശന് സിനിമകള്‍ക്ക് ഉള്ള പങ്ക് ചെറുതല്ല.. താളവട്ടം എന്ന സിനിമ ജനങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിന് നേടി കൊടുത്ത ജനപ്രീതിയും സ്വീകാര്യതയും വളരെ വലുതായിരുന്നു..’ചിത്രം’ ആ ജനപ്രീതിയും സ്വീകാര്യതയും കൊടുമുടിയില്‍ എത്തിച്ചു..
പ്രിയദര്ശന്,മലയാള സിനിമയില്‍ പ്രേക്ഷകരെ ഇത്രമാത്രം എന്റര്ടെയിന് ചെയ്യിപ്പിച്ച വേറെ ഒരു സംവിധായകന് ഉണ്ടാകില്ല..പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത്,അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് ഏങ്ങനെയാണ് തിരശ്ശീലയില്‍ കാണാന്‍ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകന് ആണ് പ്രിയദര്ശന്..ശരിക്കും പ്രേക്ഷകരുടെ പള്‍സ് അറിയാവുന്ന സംവിധായകന്..മലയാള സിനിമയില്‍ കോമഡി സിനിമകള്‍ക്ക് തുടക്കമിട്ട,സ്ലാപ്സ്റ്റിക്ക് കോമഡി സിനിമകള്‍ തുടരെ ചെയ്തിരുന്ന പ്രിയദര്ശന് അതില്‍ നിന്ന് ചെറിയൊരു ചുവട് മാറ്റം നടത്തിയത് താളവട്ടം എന്ന സിനിമയില്‍ ആയിരുന്നു..അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലില്‍ മുത്തുകള്‍ കോര്‍ക്കുന്നത് പോലെ കോര്‍ത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയില്‍ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെന്‍സിലൂടെ പതിയെ അതില്‍ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റര്‍ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന ‘പ്രിയദര്ശന് മാജിക്ക്’..താളവട്ടത്തില്‍ വിജയിച്ച ആ ‘പ്രിയദര്ശന് മാജിക്ക്’ അതേ അളവില്‍ തന്നെ പ്രിയദര്ശന് ചിത്രത്തിലും ഉപയോഗിച്ചു,അതില്‍ അദ്ദേഹം പൂര്‍ണമായി വിജയിക്കുകയും ചെയ്തു..പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്ന ഈ പ്രിയദര്ശന് മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററില്‍ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരില്‍ ഉണ്ടാക്കുക എന്ന പ്രത്യേകത.. ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കില്‍ ഏറ്റവും രസകരമായ രംഗം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും..കാരണം അത്ര മാത്രം രസകരമായ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ചിത്രം..പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചിത്രം രസകരമാകുന്നത് ഇരുപ്പത്തിരണ്ടാം മിനിറ്റിലെ മോഹന്‍ലാലിന്റെ എന്‍ട്രിയോട് കൂടിയാണ്..
പിന്നീടങ്ങോട്ട് സോമന്റെ കഥാപാത്രത്തിന്റെ എന്‍ട്രി വരെ പ്രേക്ഷകരെ രസിപ്പിക്കാത്ത, അവരുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി നല്‍കാത്ത ഒരു സീന്‍ പോലും ഇല്ല എന്ന് നിസംശയം പറയാം..പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുമ്പോള്‍ ‘മോഷണം മാന്യമായ പണിയാണൊ’ എന്ന കൈമള്‍ തിരിച്ച് ചോദിക്കുന്ന രംഗം, വിരലുകള്‍ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുമ്പോള്‍ ‘രചന,സംവിധാനം- പ്രിയദര്ശന്’ എന്ന് എഴുതി കാണിക്കുന്ന രംഗം,ആദ്യ ദിവസത്തെ കൂലിയായ ആയിരം രൂപ കൈമളില്‍ നിന്നും വാങ്ങിയ ശേഷം ‘ഈ നക്കാപ്പിച്ച എടപാടിന് പോകാതെ ഒരു അയ്യായിരമൊ ഒരു പത്തായിരമൊ ഒരുമിച്ച് ഇങ്ങോട് തന്നാല്‍ ഞാനെപ്പോഴും കാശ് കാശ് എന്ന് പറഞ്ഞ് കൈമള്‍ സാറിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല’ എന്ന് വിഷ്ണു ചിരിച്ച് കൊണ്ട് പറയുന്ന രംഗം, ശ്രീനിവാസന്റെ നമ്പ്യാര്‍ ‘ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല’ എന്ന് പറയുന്ന രംഗം,ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം ‘എത്ര മനോഹരമായ ആചാരങ്ങള്‍, ഇങ്ങനെ മനോഹരമായ ആചാരങ്ങള്‍ വൈകീട്ടും ഉണ്ടാകുമോ എന്തൊ’ എന്ന് വിഷ്ണു പറയുന്ന രംഗം, വിഷ്ണു കര്‍പ്പൂരം കൈയ്യില്‍ വെച്ച് കത്തിക്കുന്ന രംഗം, ഇരുപതിനായിരം രൂപ വാങ്ങി വിഷ്ണു മുങ്ങാന്‍ പോകുമ്പോ കൈമള്‍ തടയുന്ന രംഗം,അച്ഛന് വിഷ്ണുവിന്റെയും കല്യാണിയുടെയും റൂമിന്റെ അടുത്ത് ചെക്കിങിന് വരുമ്പൊ ‘എന്റെ കരളേ, ഓമനെ, തങ്കക്കുടമേ, ഞാനൊരു ഉമ്മ തരട്ടെ’ തുടങ്ങിയ ഡയലോഗുകള്‍ ഉള്ള രംഗം, വിഷ്ണുവിനെ പാവയ്ക്ക ജ്യൂസ് കുടിപ്പിക്കുന്ന രംഗം, ജ്യൂസ് കുടപ്പിച്ചതിന് പകരമായി കല്യാണിയെ കൊണ്ട് ശയനപ്രദക്ഷണം ചെയ്യിപ്പിക്കുമ്പോള്‍ അയ്യപ്പന്റെ കഥയില്‍ ചില പരിഷ്കാരങ്ങള്‍ ഒക്കെ വന്നിട്ടുണ്ട് എന്ന് കൈമള്‍ പറയുന്ന രംഗം,നഖുമൊ ഗാനരംഗം,കല്യാണിയുടെ കഴുത്തില്‍ താലി മാല ഇല്ലെന്ന് അറിഞ്ഞ് വിഷ്ണു ഓടി വന്ന് കല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോയി താലി മാല കെട്ടുന്ന രംഗം,അപ്പോള്‍ ഉള്ള ഗംഭീര പശ്ചാത്തല സംഗീതം,അതിന് ശേഷം ‘വാങ്ങുന്ന കാശിനോട് ഒരല്പം കൂറ് കാണിച്ചുവെന്നേയുള്ളു,ക്ഷമിക്കണം’ എന്ന് വിഷ്ണു പറയുന്ന ഇന്റര്‍വെല്‍ രംഗം, രാത്രിയില്‍ വിഷ്ണുവിന് ഒരു ഗ്ലാസ് പാല് കല്യാണി കൊണ്ട് കൊടുക്കുന്ന രംഗവും ഒപ്പമുള്ള പശ്ചാത്തല സംഗീതവും,കാടുമെ നാടുമെല്ലാം എന്ന ഗാനരംഗം, മൂന്ന് പേരും കൂടിയുള്ള മദ്യപാന രംഗം,തലയില്‍ ഉമ്മ വെയ്ക്കുന്ന രംഗം,അത് കഴിഞ്ഞ് സുകമാരിയുടെ കഥാപാത്രത്തോട് ‘You are looking beautiful,നിങ്ങള്‍ സുമുഖയാണ്, സുന്ദരിയാണ്,സുഭാഷിണിയാണ്, സുഭദ്രയാണ്’ എന്ന് വിഷ്ണു പറയുന്ന രംഗം, അത് കഴിഞ്ഞ് ‘എന്റെ കല്യാണിക്കുട്ടി, പൂമെത്തയില്‍ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല, ഞാനാണ് തറയില്‍ കിടക്കേണ്ടവന്‍, ഞാനാണ് തറ’ എന്നും പറഞ്ഞ് കല്യാണിയെ പൊക്കിയെടുത്ത് കട്ടിലില്‍ ഇരുത്തുന്ന രംഗം, അത് കഴിഞ്ഞ് ‘You are the light of loneliness, love of my heart, dew of my desert, tune of my osng & queen of my kingdom & I love you Kalyani’ എന്നും പറഞ്ഞ് കട്ടിലിലേക്ക് വിഷ്ണു വീഴുന്ന രംഗവും അതിന് അകമ്പടിയായി മനോഹരമായ പശ്ചാത്തല സംഗീതവും, കൈമളിനോട് ‘അങ്കിള്‍, ഊണ് കാലായി, പിന്നെ വിളിച്ചോളൂട്ടൊ’ എന്ന് കല്യാണി പറയുന്ന രംഗം, കാശ് ചോദിച്ചിട്ട് കൊടുക്കാതെ വിഷ്ണു പിണങ്ങി പോയി തിരിച്ച് വരുന്ന രംഗം, ഇത്തരത്തിലുള്ള രസകരമായ രംഗങ്ങള്‍ പറയാന്‍ നിന്നാല്‍ ചിത്രത്തിലെ ഒട്ടുമിക്ക രംഗങ്ങളും പറയേണ്ടി വരും..
മേല്പറഞ്ഞ രംഗങ്ങളില്‍ ഭൂരിഭാഗവും ഒരൊരൊ രംഗത്തിന്റെ തുടര്‍ച്ചയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം..ലോജിക്കിന്റെ ഒരു അംശം പോലുമില്ലാത്ത ഒരു കഥയെ ഹ്യൂമറസായ രംഗങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിച്ചേര്‍ത്ത് വളരെ രസകരമായി,അടക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുക എന്നത് ഏതൊരു തിരക്കഥാകൃത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്..എന്നാല്‍ പ്രിയദര്ശന് എന്ന തിരക്കഥാകൃത്ത് മേല്‍പ്പറഞ്ഞ വെല്ലുവിളി വളരെ അനായാസമായി നേരിട്ട് വിജയിച്ചിട്ടുണ്ട്,ഒന്നല്ല പല വട്ടം..മോഹന്‍ലാല്‍ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഏറ്റവും ബോധ്യമുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദര്ശന്.. മോഹന്‍ലാലിന്റെ ഒരു ചിരി തിയേറ്ററിലെ ഒരായിരം പൊട്ടിച്ചിരിയാക്കി മാറ്റിയെടുക്കാന്‍ പ്രിയദര്ശന് പ്രത്യേക ഒരു കഴിവ് ഉണ്ട്..ഏഴെട്ട് മിനിട്ടോളം മോഹന്‍ലാല്‍ നിറഞ്ഞാടിയ രംഗമാണ് കൈമളിനോട് കാശ് ചോദിച്ചിട്ട് കിട്ടാതെ ആകുമ്പോള്‍ വിഷ്ണു പിണങ്ങി പോകുന്ന രംഗം..ഗേറ്റിന് പുറത്തേക്ക് കടന്നിട്ട് ഉടനെ തിരിച്ച് അകത്തേക്ക് കയറുമ്പോള്‍,അത് കല്യാണി കാണുമ്പോള്‍ ഉള്ള നാണവും ചമ്മലും ഒപ്പം വരുന്ന ചിരിയും..ഹൊ, തിയേറ്ററില്‍ പ്രേക്ഷകരെ ആനന്ദത്തിന്റെയും പൊട്ടിച്ചിരിയുടെയും അങ്ങേയറ്റം എത്തിച്ച രംഗം, മോഹന്‍ലാലിന് മാത്രം സാധ്യമാകുന്ന ഒന്ന്..ജോണ്സണ് മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.. ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം ഷിബു ചക്രവര്‍ത്തി-കണ്ണൂര്‍ രാജന് ടീമിന്റെ അതി മനോഹരമായ പാട്ടുകള്‍ ആണ്..
ചിത്രം റിലീസ് ഒരുപാട് മുമ്പ് തന്നെ അതിലെ പാട്ടുകള്‍ രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്തിരുന്നു..സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പാട്ടുകള്‍ ഹിറ്റായിരുന്ന ആ കാലത്ത് ചിത്രത്തിലെ പാട്ടുകള്‍ എന്ത് കൊണ്ടൊ ഒട്ടും തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.. സിനിമ റിലീസായതിന് ശേഷമാണ് ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായത്..അതിനെ വെറും ഹിറ്റ് എന്ന് പറഞ്ഞാല്‍ പോരാ,സിനിമ പോലെ തന്നെ സര്‍വ്വകാല ഹിറ്റായിരുന്നു എല്ലാ പാട്ടുകളും..മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുള്ളത് ചിത്രത്തിന്റെതാണ്,ഏകദേശം അഞ്ച് ലക്ഷത്തോളം ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുണ്ടെന്നാണ് അറിവ്..ഈ സൂപ്പര്‍ ഹിറ്റായ ആറ് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ ക്ലാസിക്കല്‍ പാട്ടുകളായിരുന്നു എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം..ഹ്യൂമര്‍ ടച്ച് ഉള്ള ഒരു കമേഴ്സ്യല്‍ സിനിമയില്‍ രണ്ട് ക്ലാസിക്കല്‍ പാട്ടുകള്‍,ആ പാട്ടുകള്‍ സിനിമയിലെ മറ്റ് പാട്ടുകള്‍ പോലെ തന്നെ സൂപ്പര്‍ ഹിറ്റാകുക, സാധാരണക്കാര്‍ വരെ ആ ക്ലാസിക്കല്‍ പാട്ടുകളുടെ വരികള്‍ ഏറ്റ് പാടുക എന്നതൊക്കെ ചിത്രത്തിന് മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്..എം ജി ശ്രീകുമാര്‍ എന്ന ഗായകന് മലയാള സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയത് ചിത്രത്തിലൂടെയാണ്…
ചിത്രത്തിലെ പാട്ടുകള്‍ക്ക് മോഹന്‍ലാല്‍ കൊടുത്ത ഭാവങ്ങളും ലിപ് മൂവ്മെന്റുകളും ഗംഭീരമാണ്…ഇന്ത്യന്‍ സിനിമയില്‍ തന്നെ ഗാന രംഗങ്ങള്‍ക്ക് ഏറ്റവും നന്നായി ലിപ് മൂവ്മെന്റ് കൊടുക്കുന്ന നടന്മാരില് ഒരാള്‍ മോഹന്‍ലാല്‍ ആണെന്ന കാര്യം പ്രേക്ഷകര്‍ക്കും സിനിമ ലോകത്തിനും ബോധ്യപ്പെടുത്തി കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്..
1988 ഡിസംബര്‍ 23 ന് കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാന്‍ ‘ചിത്രം’, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍..സാധാരണ പ്രിയന്-ലാല്‍ സിനിമകള്‍ക്ക് ആദ്യ ദിവസത്തില്‍ ഉണ്ടാകാറുള്ള വന്‍ തിരക്ക് പ്രതീക്ഷിച്ചാണ് ഞാന്‍ മാറ്റിനി കാണാന്‍ തിയേറ്ററില്‍ എത്തിയത്.. തിരക്കുള്ള സിനിമയാണെങ്കില്‍ മുഗള്‍ തിയേറ്ററില്‍ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴിയാണ് സാധാരണ ടിക്കറ്റ് സംഘടിപ്പിക്കാറ്..പക്ഷെ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച എന്നെ അമ്പരപ്പിച്ചു,കാരണം പതിവിന് വിപരീതമായി തിയേറ്റര്‍ കോമ്പൗണ്ട് അന്ന് കാലിയായിരുന്നു…എന്റെ അനുഭവത്തില്‍ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിലൊന്നായ കൊടുങ്ങല്ലൂരില്‍ റിലീസ് ദിവസം ഹൗസ് ഫുള്‍ ആകാതെ പ്രദര്‍ശിപ്പിച്ച ആദ്യ മോഹന്‍ലാല്‍ സിനിമ ചിത്രം ആണ്..ചിത്രം സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ലഭിച്ച സന്തോഷവും ക്ലൈമാക്സില്‍ ഞാന്‍ അനുഭവിച്ച നൊമ്പരവും ഒക്കെ വര്‍ണനാതീതമാണ്..ഒടുവില്‍ ഒരിറ്റ് കണ്ണീരോടെ,ഒപ്പം പൂര്‍ണ സംതൃപ്തിയോടെ തിയേറ്ററിന്റെ പുറത്തേക്ക് വന്ന എന്നെ നേരത്തെ സൂചിപ്പിച്ച ‘പ്രിയദര്ശന് മാജിക്ക്’ അപ്പൊഴേക്കും പിടി കൂടിയിരുന്നു, സിനിമ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം..
അങ്ങനെ ഞാന്‍ അഞ്ച് പ്രാവശ്യമാണ് ചിത്രം മുഗള്‍/മിനി മുഗള്‍ തിയേറ്ററില്‍ നിന്നും കണ്ടത്..34 വര്‍ഷങ്ങള്‍ക്കിപ്പുറവും വേറെ ഒരു മലയാള സിനിമയും ഞാന്‍ അഞ്ച് പ്രാവശ്യം തിയേറ്ററില്‍ നിന്നും കണ്ടിട്ടില്ല..കൊടുങ്ങല്ലൂരിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ 63 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ചിത്രമായിരുന്നു..അത് പോലെ തന്നെ കൊടുങ്ങല്ലൂരില്‍ ആദ്യമായി ഒരു സിനിമ രണ്ട് തിയേറ്ററുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചതും ചിത്രമായിരുന്നു, 1989 ല്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനോട് അനുബന്ധിച്ച്….റിലീസായി കഴിഞ്ഞ് നാലാം വാരത്തിലാണ് ഈ രണ്ട് തിയേറ്ററുകളിലും ഇങ്ങനെ ഒരു പ്രദര്‍ശനം നടന്നത് കൊടുങ്ങല്ലൂരില്‍ മാത്രം അല്ല,കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തണുപ്പന്‍ സ്വീകരണം തന്നെ ആയിരുന്നു.പക്ഷെ ആദ്യ ദിവസങ്ങളിലെ തണുപ്പന്‍ പ്രതികരത്തിന് ശേഷം സ്ഥിതിഗതികള്‍ പാടെ മാറി,പിന്നീട് നടന്നത് മലയാള സിനിമ ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ ആയിരുന്നു.. തിയേറ്ററുകള്‍ ജനസമുദ്രമായി,നാടെങ്ങും ചിത്രം ചര്‍ച്ചാ വിഷയമായി,ചിത്രത്തിലെ പാട്ടുകള്‍ കേരളം മൊത്തം അലയടിച്ചു,കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കണ്ടു,പുതിയ ബോക്സ് ഓഫീസ് റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടു..
മലയാള സിനിമ ചരിത്രത്തില്‍ ഒരു സിനിമയ്ക്ക് തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ഓഡിയന്‍സിനെ കിട്ടിയിട്ടുള്ളത് ചിത്രത്തിനായിരിക്കും..അത് കൊണ്ട് തന്നെയാണ് A,B & C ക്ലാസ് തിയേറ്ററുകളില്‍ ചിത്രത്തിന് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണം കിട്ടിയത്.. ചിത്രത്തെ കുറിച്ച് എഴുതുമ്പോള്‍ രണ്ട് മൂന്ന് രംഗങ്ങള്‍ കൂടി പരാമര്‍ശിച്ചില്ലെങ്കില്‍ അതൊരിക്കലും പൂര്‍ണമാകില്ല.. അത്രമാത്രം പേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ രംഗങ്ങള്‍ ആയിരുന്നു അവ…അതിലൊന്ന് തന്റെ മകനെ കാണാനായി വിഷ്ണു ഓര്‍ഫനേജില്‍ ചെന്നിട്ടുള്ള രംഗമാണ്..മകനെ കളിപ്പിച്ച ശേഷം ‘ഞാനൊരു മുത്തശ്ശിക്കഥ കേട്ടീട്ടുണ്ട്, മരിച്ച മനുഷ്യരുടെ ആത്മാക്കള്‍ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്,അവരെ കാണാന്‍ മോഹിക്കുന്നവര്‍ ആകാശത്തേക്ക് നോക്കിയാല്‍ നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മി കാണിക്കും..എന്റെ മോന് മിണ്ടാനായാല്‍,ഇവന് ഇവന്റെ അച്ഛനെ കുറിച്ച് ചോദിച്ചാല്‍ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി എന്റെ മോന് അവന്റെ അച്ഛനെ കാണിച്ച് കൊടുക്കണം’ എന്ന് കല്യാണിയോട് വിഷ്ണു പറയുന്നത് ഹൃദയസ്പര്‍ശിയാണ്..
പിന്നെ ജയില്‍ സൂപ്രണ്ടിനോട് ‘സര്, ജീവിക്കാന്‍ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാന്‍ പറ്റൊ’ എന്ന് വിഷ്ണു ചോദിക്കുന്ന രംഗം..ഓവര്‍ ആക്റ്റിങ്ങിലേക്ക് വഴുതി പോകാന്‍ സാധ്യതയുള്ള രംഗമായിട്ട് കൂടി എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര നാച്ചുറലായിട്ടാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.. കൂടെ പശ്ചാത്തലത്തില്‍ വരുന്ന ഹമ്മിങ് ഈ രംഗങ്ങളുടെ തീവ്രത പ്രേക്ഷകരുടെ മനസിനെ കൂടുതല്‍ സ്പര്‍ശിക്കുന്നതിന് സഹായിച്ചു.. ‘നാളെ വെളുക്കും വരെ ഓര്‍മിക്കാന്‍ കുറെ മനോഹരമായ ദിവസങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ കല്യാണിക്കുട്ടി, നന്ദി’ എന്നും പറഞ്ഞ് വിഷ്ണു പോകുന്ന രംഗം വിങ്ങുന്ന മനസോടെയാണ് പ്രേക്ഷകര്‍ അനുഭവിച്ചത്.. ജീപ്പില്‍ കയറി പോകും നേരം അവസാനമായി കല്യാണിയെ തന്റെ കൈവിരല്‍ ക്യാമറ കൊണ്ട് കണ്ണിലേക്ക് വിഷ്ണു ഒപ്പിയെടുത്തപ്പോള്‍ മോഹന്‍ലാല്‍ എന്ന അതുല്യ നടനെ എന്നന്നേക്കുമായി തങ്ങളുടെ മനസിലേക്ക് ഒപ്പിയെടുത്തിട്ടാണ് ‘filmed by priyadarsan’ എന്ന എന്റ് ടൈറ്റിലും കണ്ട് തിയേറ്ററില്‍ നിന്നും പ്രേക്ഷകര്‍ പൂര്‍ണ സംതൃപ്തിയോടെ പുറത്തേക്ക് ഇറങ്ങിയത്…
മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, രഞ്ജിനി, ശ്രീനിവാസന്, പൂര്‍ണ്ണം വിശ്വനാഥ്, ലിസി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു..എസ് കുമാറിന്റെ ഛായാഗ്രഹണം പതിവ് പ്രിയദര്ശന് സിനിമ പോലെ തന്നെ മനോഹരമായിരുന്നു..പിന്നെ എടുത്ത് പറയേണ്ടത് ജോണ്സണ് മാഷിന്റെ പശ്ചാത്തല സംഗീതമാണ്..ചിത്രം എന്ന സിനിമയെ പ്രേക്ഷകര്‍ക്ക് ഇത്രയും നല്ല അനുഭവം ആക്കി മാറ്റുന്നതില്‍ ജോണ്സണ് മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമ ബോക്സ് ഓഫീസില്‍ തലയുര്‍ത്തിപ്പിടിച്ച് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചിത്രം എന്ന എക്കാലത്തെയും വലിയ ജനപ്രിയ സിനിമ സമ്മാനിച്ച രചയിതാവും സംവിധായകനുമായ പ്രിയദര്ശന്, നിര്‍മ്മാതാവ് PKR പിള്ള,പിന്നെ വിഷ്ണുവായി തകര്‍ത്താടിയ മോഹന്‍ലാല്‍ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു
സഫീര്‍ അഹമ്മദ്