
ആരൊക്കെ വന്നിട്ടും കാര്യമില്ല… വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്?
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്.
ഈ അവസരത്തിൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. കേരളത്തിലെ മാത്രം കണക്കാണിത്. 2024ാം വർഷത്തെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ പത്താം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ദിലീപ് ചിത്രം പവി കെയർടേക്കർ ആണ്. പരാജയം നേരിട്ടെങ്കിലും വൻ ഹൈപ്പിലെത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാം സ്ഥാനത്ത്. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം.
മലയാളത്തിന്റെ എക്കാലത്തെയും ഒരു വിസ്‍മയ ചിത്രമായി മാറിയ ആടുജീവിതമാണ് രണ്ടാം സ്ഥാനത്ത്. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം നേടിയത് 5.83 കോടിയാണ്. മുന്നാം സ്ഥാനത്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം ആണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ‘അഴിഞ്ഞാടി’യപ്പോൾ പ്രേക്ഷകരിൽ ആവേശത്തിരയിളക്കം. അത് അന്വർത്ഥമാക്കുന്നതായിരുന്നു ആദ്യ ദിനകളക്ഷൻ. 3.5 കോടിയാണ് ചിത്രം നേടിയത്. മഞ്ഞുമ്മൽ ബോയ്സും 3.5 കോടിയാണ് നേടിയത്. ഭ്രമയുഗം 3.05, വർഷങ്ങൾക്ക് ശേഷം 3 കോടി, അബ്രഹാം ഓസ്ലർ 2.90 കോടി,മലയാളി ഫ്രം ഇന്ത്യ 2.53 കോടി , അന്വേഷിപ്പിൻ കണ്ടെത്തും 1.36 കോടി, പവി കെയർടേക്കർ 1.10 കോടി എന്നിങ്ങനെയാണ് കണക്കുകൾ.