“കണ്ടിരിക്കുമ്പോൾ പത്മരാജൻ ചിത്രം കരിയിലക്കാറ്റുപോലെ ഓർമ്മയിലേക്ക് വന്നു” : ജീത്തു ജോസഫിന്റെ ‘ട്വൽത്ത് മാൻ’ കണ്ട പ്രേക്ഷകൻ എഴുതുന്നു
‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ട്വല്ത്ത്മാന് കഴിഞ്ഞ ദിവസം മുതലാണ് ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളൊന്നും തെറ്റിക്കാത്ത ഒരു സിനിമയാണെന്നാണ് സിനിമ കണ്ട കഴിഞ്ഞ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
മോഹന്‍ലാലിന്റെ രസകരവും പക്വതയുമാര്‍ന്ന പ്രകടനവും പ്രേക്ഷകര്‍ എടുത്ത് പറയുന്നുണ്ട്. നൂറ് ശതമാനം മിസ്റ്ററി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണിതെന്നും പറയുന്നു. ഇപ്പോഴിത് ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പാമ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ജിത്തുജോസഫ്, മോഹന്‍ലാല്‍ ടീം വീണ്ടും ട്വല്‍ത്ത് മാന്‍. ഒരു മെര്‍ഡര്‍ മിസ്റ്ററി എന്നു പൂര്‍ണ്ണമായും വിശേഷിപ്പിക്കാവുന്ന സിനിമയാണെന്നാണ് അജയന് ദിവാകരന് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മോഹന്‍ലാല്‍ തന്റെ രൂപവും, ഭാവങ്ങളും പൂര്‍ണ്ണമായി വീണ്ടെടുത്ത ചിത്രമാണിതെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.
മുന്മാതൃകളില്ലാത്ത തിരക്കഥയാണ് ചിത്രത്തെ രസകരമാക്കുന്നത്. കണ്ടിരിക്കുമ്പോള്‍ പഴയ കാല പത്മരാജന് ചിത്രമായ കരിയിലക്കാറ്റു പോലെ ഓര്‍മ്മയിലേക്ക് വന്നു. ആ സിനിമയുമായി കഥാപരമായി യാതൊരു സാമ്യവും ഇല്ലങ്കിലും ഈ സിനിമ നിലനിര്‍ത്തുന്ന നിഗൂഢതയാണ് ആ ഓര്മ്മയുണര്ത്തുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമിയുടെ സിബിഐ5 ദ ബ്രയിന്‍ ഒരു കോമഡിയായിരുന്നുവെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അജയന് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിന് താഴെ നിരവധി പേരും കമന്റ് ചെയ്തിട്ടുണ്ട്. ട്രെയിലറില്‍ ഉള്ള ആ ഒറ്റ നോട്ടം മതി അങ്ങേരുടെ ക്ലാസ്സ് മനസ്സിലാക്കാന്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സിനിമ സൂപ്പര്‍ ആണെന്നും മലയാളത്തിനു ലക്ഷണമൊത്ത നല്ലൊരു ത്രില്ലെര്‍ കൂടി. ഏച്ചുകെട്ടലുകളും വലിച്ചു നീട്ടലും ഒന്നുമില്ലാതെ തന്നെ കണ്ടിരിക്കാം. പിന്നെ ഇത് കണ്ടപ്പോളാണ് സിബിഐ അഞ്ചാം വരവിനെയൊക്കെ എന്ത് പേരിട്ട് വിളിക്കണമെന്ന് ആലോചിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്, ലിയോണ ലിഷോയ്, അനു സിത്താര, രാഹുല്‍ മാധവ് തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.