Latest News

“സാധാരണക്കാരൻ ആവാനും സൂപ്പർഹീറോ ആവാനും ഒരുപോലെ കഴിയുന്ന നടൻ” : ആരാധനാ മൂർത്തിയുടെ ജന്മദിനത്തിൽ ആരാധകൻ എഴുതുന്നു

വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ താരരാജാവായ താരമാണ് മോഹന്‍ലാല്‍. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് അദ്ദേഹം. പിന്നാലെ നായകനായും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം, സിനിമ സ്വപ്നം കാണാന്‍ കാരണം, അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച, ഓര്‍മ വെച്ച കാലത്ത് ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട മുഖം, അതാണ് എനിക്ക് ലാലേട്ടന്‍ എന്ന് പറഞ്ഞാണ് രാഗീത് ആര്‍ ബാലന്‍ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത്.

ഓര്‍മ്മ വെച്ച കാലം മുതല്‍ അച്ഛനും അമ്മയും മോഹന്‍ലാല്‍ സിനിമകള്‍ ആണ് തീയേറ്ററില്‍ കൂടുതലും കാണിച്ചിട്ടുള്ളതെന്നും ആദ്യമായി കണ്ട ലാലേട്ടന്‍ സിനിമ ‘ചന്ദ്രലേഖ’. വളര്‍ന്നപ്പോള്‍ എന്റെ ഒപ്പം ലാലേട്ടനോടുള്ള ആരാധനയും വര്‍ധിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ഓരോ സിനിമകളും എനിക്ക് ആവേശമായി മാറി. ഈ മനുഷ്യനെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും കണ്ടു എത്ര തവണ സന്തോഷിച്ചിട്ടുണ്ട് ഞാന്‍ എന്ന് എനിക്കറിയില്ല. ആവേശത്തോടെ കാത്തിരുന്നു ഓരോ സിനിമകള്‍ക്കും ആയി. സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളില്‍ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു. അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകള്‍ക്കായി കാത്തിരുന്നു. മോശം സിനിമകള്‍ ഒരുപാട് ഉണ്ട്. അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാന്‍ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിട്ടുള്ളതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങുമ്പോള്‍ ആ സിനിമയുടെ പോസ്റ്ററുകളും ട്രൈലെറുകളും എല്ലാം മനപാഠം ആയിട്ടുണ്ടാകും. പിന്നെ തീയേറ്ററില്‍ പോയി ടിക്കറ്റ് എടുത്തു തീയേറ്ററിനുള്ളിലെ ഇരുട്ടു മുറിയില്‍ കയറി ഇരുട്ടു മാറി പതിയെ സ്‌ക്രീനില്‍ ലാലേട്ടന്‍ വന്നാല്‍ പിന്നെ സിനിമ തുടങ്ങി കണ്ടു തീരുന്നത് വരെ അതൊരു ലഹരിയാണ്. ആ ചിരിയും ചമ്മലും കുസൃതിയും ചെറിയ ചലനങ്ങളും തമാശയും, പ്രണയവും ആക്ഷനും സെന്റിമെന്റ്‌സും എല്ലാം കണ്ടു അങ്ങനെ ഇരുന്നു പോയിട്ടുണ്ട് പലപ്പോഴും. വല്ലാത്ത ഇഷ്ടമാണ് ആ മനുഷ്യനോട്. സാധാരണക്കാരന്‍ ആവാനും സൂപ്പര്‍ ഹീറോ ആവാനും ഒരേ പോലെ കഴിയുന്ന ഒരു നടനാണ് മോഹന്‍ലാലെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

വിന്‍സെന്റ് ഗോമസും പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ ആടിതിമിര്‍ത്തു തീയേറ്ററുകളെ ഉത്സവപറമ്പുകള്‍ ആക്കി മാറ്റിയ മനുഷ്യന്‍ തന്നെയാണ് കീരിടത്തിലെ സേതുമാധവന്‍ ആയും ഭാരതത്തിലെ ഗോപിനാഥനായും വനപ്രസ്ഥത്തിലെ കുഞ്ഞുട്ടനായും തന്മാത്രയിലെ രമേശന്‍ ആയും ഭ്രമരത്തിലെ ശിവന്‍കുട്ടിയും എല്ലാം ആയി നമ്മളെ വിസ്മയിപ്പിച്ചത്. മലയാളത്തിന് മോഹന്‍ലാല്‍ എന്നാല്‍ ഒരു വികാരമാണ്. അത്രയേറെ സാധാരണക്കാര്‍ക്കിടയില്‍ പ്രീതി പിടിച്ചുപറ്റാന്‍ ലാലേട്ടന്‍ കഥാപാത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ലാലേട്ടന്റെ മികച്ച പ്രകടനങ്ങള്‍ കാണാന്‍ ഇനിയും ഒരുപാട് ആഗ്രഹമുണ്ട്. ജന ഹൃദയങ്ങളില്‍ ജീവിക്കുന്ന നടനാണ് മോഹന്‍ലാലെന്നും കുറിപ്പില്‍ പറയുന്നു. മോഹന്‍ലാല്‍ എനിക്ക് പകര്‍ന്നു തന്ന തന്നുകൊണ്ടിരിക്കുന്ന വിസ്മയതിന്റെ ലഹരി അദ്ദേഹത്തെ ഇഷ്ടപെടുന്ന ഒരു മലയാളികളില്‍ നിന്നും വിട്ടു പോകില്ല. ഒരുപാട് കാലം ഈ നടനം തുടര്‍ന്നുകൊണ്ടേ ഇരിക്കട്ടെ.

നല്ല ഒരുപാട് സിനിമകള്‍ നല്‍കി ഞാന്‍ അടക്കം ഉള്ള ആരാധകരെ ഓരോ സിനിമ കാണാന്‍ ആയി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടനും പലപ്പോഴും പല സിനിമകളിലൂടെ എന്നേ പോലുള്ള പല പ്രേക്ഷകരെയും ചതിച്ചിട്ടുണ്ട്. സിനിമ കാണുന്ന ആളുകളെ നിങ്ങള്‍ നിര്‍മാതാക്കള്‍ വില കുറച്ചു കാണുകയാണ്. നല്ല സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണ് അവര്‍ മിമിക്രി കണ്ടു കയ്യടിക്കുന്നത്. അത് കണ്ടു നിങ്ങള്‍ തീരുമാനിക്കുന്നു നിലവാരം കുറഞ്ഞതേ അവര്‍ക്കു വേണ്ടു എന്ന്.അതല്ല സത്യം. അവര്‍ക്കു നല്ല സിനിമകള്‍ കൊടുത്ത സംവിധായകരും അവര്‍ പ്രതീക്ഷ അര്‍പ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകള്‍ എടുത്ത്. അത് കൊണ്ടാണ് അവര്‍ മിമിക്രിക്ക് കയ്യടിക്കുന്നത്. മനസ്സിലായോ? നല്ല ചിത്രങ്ങളിലേക്ക് അവര്‍ തീര്‍ച്ചയായും മടങ്ങി വരുമെന്ന് പ്രതീക്ഷയും കുറിപ്പിലൂടെ ആരാധകന്‍ പങ്കുവെക്കുന്നുണ്ട്. വരും നല്ല സിനിമകളുമായി കാത്തിരിക്കുന്നുവെന്നും രാഗീത് പറയുന്നു.