‘ചിലർക്കു ഇഷ്ടമായി.. ചിലർക്ക് ഇഷ്ടമായില്ല..’ : പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണവുമായി ‘ട്വൽത്ത് മാൻ’
1 min read

‘ചിലർക്കു ഇഷ്ടമായി.. ചിലർക്ക് ഇഷ്ടമായില്ല..’ : പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണവുമായി ‘ട്വൽത്ത് മാൻ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ട്വല്‍ത്ത് മാന്‍. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. അപസര്‍പ്പക നോവലുകളുടെ അന്തംവിടുന്ന വായനാനുഭവത്തിന്റെ കാഴ്ചാ പതിപ്പാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാനി’ലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തത്. 14 പേരോളം മാത്രം അണിനിരക്കുന്ന മോഹന്‍ലാല്‍ ചിത്രമാണു ‘ട്വല്‍ത്ത് മാന്‍’.

 

ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത് പ്രതീക്ഷ നിലനിര്‍ത്തുന്ന ചിത്രമെന്നാണ്. ജീത്തു ജോസഫിന്റെ മികച്ച മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ചിലര്‍ പറയുന്നത്. സിനിമയുടെ ആദ്യ ഭാഗങ്ങള്‍ ബോറപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് ഒരു സസ്പന്‍സ് മൂഡിലേക്ക് കൊണ്ടുപോകുന്നതായും മറ്റൊരു കൂട്ടര്‍ പ്രതികരിക്കുന്നു. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാലിന്റെ പ്രകടനവും പശ്ചാത്തല സംഗീതവുമെല്ലാം വലിയ രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലടക്കം ചര്‍ച്ചയാവുന്നത്. അവസാന നിമിഷം വരെയും ത്രില്ലടിച്ച് കണ്ടിരിക്കാമെന്നും വീണ്ടുമൊരു ജീത്തു ജോസഫ് മോഹന്‍ലാല്‍ മാജികെന്നും ശിവദയടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനമെന്നുമെല്ലാമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

2 മണിക്കൂര്‍ 43 മിനിറ്റ് വളരെ നീണ്ടുപോയെന്ന് കരുതുന്നുവെന്നും ഒരു മണിക്കൂറിന് ശേഷമാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നതെന്നുമായിരുന്നു മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. ഒറ്റ ദിവസത്തെ സംഭവമാണ് കഥയാവുന്നത്. ചിത്രത്തില്‍ അഞ്ച് നായികമാരാണ് ഉള്ളത്. ഹില്‍സറ്റേഷന്‍ റിസോര്‍ട്ടിലാണ് ചിത്രത്തിന്റെ പകുതിയോളം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

 

കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണിമുകുന്ദന്‍, അനുസിത്താര, ലിയേണ ലിഷോയ്, രാഹുല്‍ മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.