ഇന്ദ്രൻസിന്റെ ഫോട്ടോ ഷെയർ ചെയ്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ.. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹരായ ചിലർക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡിന് അർഹനായ വരെ അനുകൂലിച്ചും പിന്തുണച്ചും ഉള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത്. അവാർഡ് ലഭിച്ചവർക്ക് ആശംസകൾ നേരുന്നതിന് പുറമേ അവാർഡ് നിർണയത്തിൽ തൃപ്തരല്ലാത്തവർ ചില പ്രതിഷേധങ്ങളും നടത്തുന്നുണ്ട്. അതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഉണ്ട്. ഇടതുപക്ഷ അനുഭാവികളെ അവാർഡിൽ പ്രത്യേകം പരിഗണിച്ചു എന്നും അവർക്ക് അവാർഡുകൾ നൽകി എന്നുമുള്ള വിമർശനങ്ങളാണ് കൂടുതലായും ഉയരുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലുമാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ മുമ്പോട്ട് വന്നിട്ടുള്ളത്. ഹോം എന്ന സിനിമയിലെ നടന് ഇന്ദ്രന്‍സിന്റെ ഫോട്ടോ ഷെയര്‍ ചെയ്താണ് ഇരുവരും പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ലയെന്നും…. മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങളെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.
ഇന്ദ്രന്‍സിന്റെ മറ്റൊരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ഷാഫി പറമ്പില്‍ പോസ്റ്റിട്ടത്. ഇരു നേതക്കാന്മാരുടെയും കമന്റ് ബോക്സിലും മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് സിനിമാ പ്രേമികള്‍ അവാര്‍ഡ് ലഭിക്കാൻ ഏറ്റവുമധികം സാധ്യത കല്പിച്ച നടനായിരുന്നു ഇന്ദ്രന്‍സ്. ഹോം എന്ന സിനിമയിലെ അഭിനയം അത്രയും മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ.
മികച്ച നടന്മാരായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജും ബിജു മേനോനുമാണ്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോനെ അവാർഡിന് അർഹനാക്കിയത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്
രേവതിയാണ്. ഭൂതകാലത്തിലെ അഭിനയത്തിനാണ് രേവതിക്ക് അവാർഡ് ലഭിച്ചത്. മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തന് ലഭിച്ചപ്പോൾ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിന് ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ലഭിച്ചു. ജോജിയിലെ അഭിനയത്തിന് സ്വഭാവനടിയായി ഉണ്ണിമായയും കളയിലെ അഭിനയത്തിന് സ്വഭാവനടനായി സുമേഷ് മൂറും അർഹനായി.