‘അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു.. അന്ന് ആകെ കൈയ്യിലുണ്ടായിരുന്നത് വെറും 300 രൂപ..’ ; സിനിമയെ വെല്ലും യഷിന്റെ ജീവിതകഥ
ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു മുഖം നല്കിയ ചിത്രമാണ് ‘കെജിഎഫ്’. 2018-ല്‍ റിലീസായ ഈ പീരിയഡ് ആക്ഷന്‍ ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലൂടെ യാഷ് എന്ന നടന് പുതിയൊരു മേല്‍വിലാസവും ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കഴിഞ്ഞ 3 വര്‍ഷമായി കാത്തിരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.
പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യഷിന്റെ ജീവിത കഥ ഒരു സിനിമാക്കഥ പോലെയെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പം മുതലേ നടനാകാനായിരുന്നു യാഷിന്റെ ആഗ്രഹം. തന്റെ ആഗ്രഹത്തിനു പിന്നാലെ പോയ യാഷിന് അദ്ദേഹത്തിന്റെ പഠനം പോലും പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍, യാഷ് പഠിച്ച് നല്ലൊരു ജോലി കണ്ടെത്തണം എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു.
പക്ഷെ യാഷിന്റെ വിധി മറ്റൊന്നായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ നിന്നാണ് യാഷ് വരുന്നത്. അച്ഛന് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഡ്രൈവറാണ്. അഭിനയം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ യാഷ് ബാംഗ്ലൂരില്‍ എത്തിയത് വെറും 300 രൂപയുമായായിരുന്നു. എന്നാല്‍ ബാംഗ്ലൂരില്‍ എത്തിയതിന് ശേഷം യാഷിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെ, യാഷ് ഒരു നാടക ഗ്രൂപ്പില്‍ ചേര്‍ന്നു, പശ്ചാത്തല കലാകാരനായും ലൈറ്റ്മാനായുമൊക്കെ ജോലി ചെയ്തു.
യാഷിന്റെ കഠിനാധ്വാനം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ശരിയായ നിറങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി. ടിവി സീരിയലുകളിലും പിന്നീട് സിനിമ കളിലും യാഷിന് അവസരം ലഭിച്ചു തുടങ്ങി. യാഷ് ആദ്യമായി അഭിനയിച്ച ടിവി സീരിയലിന്റെ പേര് ‘നന്ദ് ഗോകുല’ എന്നാണ്. ആദ്യ ചിത്രം ‘ജംഭദ ഹുഡുഗി’ ആയിരുന്നു. എന്നാല്‍, യാഷിന്റെ കഠിനാധ്വാനം യഥാര്‍ത്ഥത്തില്‍ ഫലം കണ്ടത് 2018-ല്‍ കെജിഎഫ് പുറത്തിറങ്ങിയതോടെയാണ്.
‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ അടുത്തിടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്. കേവലം നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 500 കോടി രൂപയിലധികമാണ് ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ സ്വന്തമാക്കിയത്. ചിത്രം ഇതുവരെ 546 കോടി രൂപയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഇത്. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും കടപുഴക്കിയാണ് ‘കെജിഎഫ്’ മുന്നേറുന്നത്.
ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ ‘കെജിഎഫ് 2’ന്റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ‘ഒടിയ’ന്റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് ‘കെജിഎഫ് 2’ ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.