‘മോഹൻലാൽ ചെയ്ത ആ വേഷങ്ങൾ മമ്മൂട്ടി ചെയ്‌താൽ നന്നായേനെ..’ ; താര രാജാക്കന്മാർ ഗംഭീരമാക്കിയ കഥാപാത്രങ്ങൾ പരസ്പരം വെച്ച് മാറിയാൽ??

മലയാളസിനിമയിൽ എന്നും ശക്തമായ കുറെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ മേഖലയിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത രണ്ട് താരരാജാക്കന്മാർ എന്ന് തന്നെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. മികച്ച ചർച്ചകളും അഭിപ്രായങ്ങളും നിരൂപണങ്ങളും ഈ താരരാജാക്കന്മാരുടെ ചിത്രങ്ങളെയും കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ വെച്ച് മാറിയാൽ ഉണ്ടാകുന്ന സവിശേഷതകളെ പറ്റി ആരാധകർ സംസാരിക്കാറുണ്ട്.


മോഹൻലാലിന്റെ കഥാപാത്രങ്ങൾ പലതും മമ്മൂട്ടി ചെയ്തിരുന്നെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ പലതും മോഹൻലാൽ ചെയതിരുനെങ്കിലും നന്നായേനെ എന്ന് അഭിപ്രായം പ്രകടിപ്പിക്കുന്ന ധാരാളം ചർച്ചകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിൽ ചില കഥാപാത്രങ്ങളെ പറ്റിയുള്ള ഉള്ള ചർച്ചകൾ ആണ് ഇന്ന് പരിശോധിക്കാൻ പോകുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ച കഥാപാത്രമാണ് സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഗോളാന്തര വാർത്തകൾ’ എന്ന ചിത്രത്തിലെ ‘രമേശൻ’എന്ന കഥാപാത്രം. ആ കാലഘട്ടത്തിൽ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന മോഹൻലാൽ കഥാപാത്രങ്ങൾക്ക് യോജിച്ച തരത്തിലുള്ള ഒന്നായിരുന്നു ‘രമേശൻ’ ഈ കഥാപാത്രം.


എന്നാൽ ഈ കഥാപാത്രത്തെ വളരെ മികച്ചതാക്കി തന്നെ ക്യാമറയ്ക്ക് മുന്നിൽ പ്രകടമാക്കുവാൻ മമ്മൂട്ടിക്ക് സാധിക്കുകയും ചെയ്തു. എന്നാൽ ഈ കഥാപാത്രം മോഹൻലാൽ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് അഭിപ്രായം ആരാധകരിൽ ഭൂരിഭാഗംപേരും ഉന്നയിക്കാറുണ്ട്. അതുപോലെ തന്നെയുള്ള ഒരു ചിത്രമാണ് ശ്രീനിവാസൻ സത്യൻ- അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’എന്ന ചിത്രത്തിലെ ‘ശ്രീധരൻ’എന്ന കഥാപാത്രം. മോഹൻലാലിന് വളരെയധികം അനുയോജ്യമായത് എന്ന് അഭിപ്രായപ്പെടുന്നവരും ധാരാളമാണ്. ഷാഫിയുടെ ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിലെ ‘ശിവൻ’ എന്ന കഥാപാത്രവും കമൻ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രവും കഥാപാത്രവുമായ ‘മഴയെത്തും മുൻപേ യിലെ നന്ദകുമാർ വർമ്മ’യും ഒക്കെ മോഹൻലാലിന് ഇണങ്ങും ആയിരുന്നു എന്ന് ആരാധകർ പറയുന്ന കഥാപാത്രങ്ങൾ തന്നെയാണ്.


മമ്മൂട്ടിയുടെതുപോലെതന്നെ ഇത്തരത്തിലുള്ള ചില കഥാപാത്രങ്ങൾ മോഹൻലാൽ അഭിനയിക്കുന്നതിന് പകരം മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിൽ മികച്ചവ ആയേനെ എന്ന് അഭിപ്രായപ്പെടുന്നവയും ഉണ്ട്. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന ‘നെട്ടൂർ സ്റ്റീഫൻ’ എന്ന കഥാപാത്രവും റോഷൻ ആൻഡ്രൂസ്- ശ്രീനിവാസൻ കൂട്ടുകെട്ട് പിറന്ന ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലെ ‘ഉദയൻ’ എന്ന കഥാപാത്രവും അതിൽ ചിലത് മാത്രമാണ്. ‘പരദേശി’ എന്ന ചിത്രത്തിലെ ‘വലിയെടത്ത് മൂസ’, ‘രാജാവിൻറെ മകൻ’ എന്ന ചിത്രത്തിലെ ‘വിൻസെന്റ് ഗോമസ്’, ‘ദേവാസുരം’ എന്ന ചിത്രത്തിലെ ‘നീലകണ്ഠൻ’ എന്നീ കഥാപാത്രങ്ങളും മമ്മൂട്ടിക്ക് ഇണങ്ങുന്നവ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.


‘രാജാവിൻറെ മകൻ’ എന്ന ചിത്രത്തിലെ ‘വിൻസൻ ഗോമസും’ ‘ദേവാസുരത്തിലെ നീലകണ്ഠനും’ മമ്മൂട്ടിയെ മനസ്സിൽ കണ്ട് എഴുതിയ കഥാപാത്രങ്ങളായിരുന്നു എങ്കിലും അത് യാദൃശ്ചികമായി മോഹൻലാലിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇതുപോലെതന്നെ ‘സുന്ദരപുരുഷൻ’ എന്ന ചിത്രത്തിലെ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം മോഹൻലാലിനും ദിലീപിനും ഒരുപോലെ ഇണങ്ങുന്നതാണെന്നും ‘ക്രോണിക് ബാച്ചിലർ’ചിത്രത്തിലെ മുകേഷിൻറെ കഥാപാത്രം ദിലീപിന് മികച്ചതാക്കി അവതരിപ്പിക്കാൻ കഴിയുമെന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ പറയപ്പെടുന്നു.

Related Posts