വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ‘ചെകുത്താനെ’തിരെ കേസ്
വയനാടിലെ ദുരന്തമേഖലയില്‍ ആര്‍മി യൂണിഫോമില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത് മുതല്‍ വലിയ തോതിലുളള സൈബര്‍ അക്രമണമാണ് താരം നേരിട്ടത്. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നതിനൊപ്പം മലയാളത്തിന്റെ പ്രിയ നടനെ അനുകൂലിച്ചും അനേകം പേര്‍ രംഗത്തെത്തിയിരുന്നു. നടന്റെ സന്ദര്‍ശനം വെറും ഷോ ആണെന്നും ഇത്തരം ഷോയ്ക്ക് വേണ്ടിയാണെങ്കില്‍ വരരുതെന്നുമാണ് ഒരുപക്ഷത്തിന്റെ വിമര്‍ശനം.
ഇപ്പോഴിതാ ഇതു സംബന്ധിച്ച് ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്. അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.
അതേസമയം, സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.