“അടിയുടെ പൊടിപൂരം, ഇടിയുടെ വെടിക്കെട്ട് ..!!” ‘ടര്‍ബോ’ ആദ്യ പ്രതികരണങ്ങളിൽ നന്ദി പറഞ്ഞ് വൈശാഖ്
1 min read

“അടിയുടെ പൊടിപൂരം, ഇടിയുടെ വെടിക്കെട്ട് ..!!” ‘ടര്‍ബോ’ ആദ്യ പ്രതികരണങ്ങളിൽ നന്ദി പറഞ്ഞ് വൈശാഖ്

മമ്മൂട്ടി ചിത്രം ടർബോ റിലീസിനെത്തുന്ന ദിവസമാണിന്ന്. ആരാധകരില്‍ ആവേശക്കൊടുമുടി തീര്‍ത്താണ് ‘ജോസേട്ടായി’ ആയി മമ്മൂട്ടി എത്തിയത്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത ചിത്രം ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു. ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് വൈശാഖിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയും മധുരരാജയും ഒരുക്കിയ ഹിറ്റ് കോമ്പിനേഷനിലേക്ക് മിഥുന്‍ കൂടി എത്തുന്ന ചിത്രമെന്നത് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. വമ്പന്‍ പ്രീ സെയില്‍സുമാണ് ചിത്രം നേടിയത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്​ബി ഷെട്ടി, സുനില്‍ എന്നിവരുടെ സാന്നിധ്യവും സിനിമക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ മുതലായവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതിനുമുന്‍പ് നിര്‍മ്മിച്ചത്. ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.