‘സോംബി വരുന്നു, സോംബി വരുന്നു…വെറും 8 കോടി ബജറ്റില്‍’ ; മറുപടി നല്കി വൈശാഖ്
മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെനേക്കികാണുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രമൊരു സോംബിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സോംബി ചിത്രമല്ലെന്നും സംവിധായകന് വൈശാഖ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയെ കളിയാക്കുന്ന തരത്തിലുള്ള കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന് വൈശാഖ്. ചിത്രത്തിനെ സോംബി എന്ന് വിളിച്ചുകൊണ്ടായിരുന്നു കമന്റ്. അതിന് ‘എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ’ എന്നാണ് വൈശാഖ് നല്കിയ മറുപടി. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് കമന്റ് വന്നത്. ‘സോംബി വരുന്നു, സോംബി വരുന്നു…കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്. വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു.’ എന്നായിരുന്നു കമന്റ് വന്നത്.
‘എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിന് മുമ്പ് പല തവണ പരഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ അത് വിജയിക്കുക തന്നെ ചെയ്യും.’ എന്നാണ് വൈശാഖ് കമന്റിന് നല്കിയ മറുപടി. കമന്റും മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റെണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്, ഹണി റോസ്, ലഷ്മി മഞ്ജു, സാസ്വികാ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന് തുടങ്ങിയവരാണ് അണിയറയില്‍.