‘സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല’ ; ജൂഡ് ആന്റണി ജോസഫ്
മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേര്‍ണി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്നീ സിനിമകള്‍ ചെയ്തുകൊണ്ട് മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അഞ്ജലി മേനോന്‍. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ചെയ്യാന്‍വേണ്ടി പോലും താന്‍ കോഴ്‌സ് പഠിച്ചിട്ടില്ലെന്നു പറയുന്നു ജൂഡ്. അഞ്ജലി മേനോന്റെ പേര് പരാമര്‍ശിക്കാതെയാണ് ജൂഡിന്റെ പോസ്റ്റ്. ‘ഞാന്‍ സിനിമാ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that’, ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സാധാരണ പ്രേക്ഷകരെയല്ല നിരൂപകരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി അഞ്ജലി മേനോന്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്ര നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള അറിവ് പ്രൊഫഷണല്‍ ഫിലിം റിവ്യൂവിംഗിന് എങ്ങനെ ഗുണകരമാവുമെന്നാണ് ഞാന്‍ പറഞ്ഞതെന്നും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തക ഉദയ താര നായരുടെ റിവ്യൂവിംഗ് രീതിയെ ഞാന്‍ ഉദാഹരിക്കുകയും ചെയ്തിരുന്നുവെന്നും അഞ്ജലി കുറിപ്പില്‍ പറയുന്നു. പ്രേക്ഷകര്‍ തന്നെ കൌതുകകരവും വിശദവുമായ നിരൂപണങ്ങള്‍ എഴുതുന്ന സമയത്ത് പ്രൊഫഷണല്‍ നിരൂപകര്‍ അതിനും മേലെ ലക്ഷ്യം വെക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും എക്കാലവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കാണുന്ന സിനിമയെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്കായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണന്നാണ് ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. ഇന്റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാനാണ് ഈ കുറിപ്പ്. നന്ദി’, എന്നായിരുന്നു അഞ്ജലി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.