‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു
1 min read

‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ ആയിരിക്കും? മോഹൻലാലിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഓരോ പ്രേക്ഷകർക്കും ഓരോ കാരണങ്ങൾ പറയാനുണ്ടാകും. പ്രിയപ്പെട്ട ലാലേട്ടനെ കുറിച്ച് എത്ര വർണ്ണനകൾ നൽകിയാലും മതിവരാത്ത പ്രേക്ഷകരുണ്ട്.

അഭിനയം, നൃത്തം, സംഗീതം, എന്നിങ്ങനെ എല്ലാം ഒരുപോലെ വഴങ്ങുന്ന കംപ്ലീറ്റ് ആക്ടർ ലാലേട്ടൻ, മുണ്ടുടുത്ത് ഐശ്വര്യത്തിന്റെ പ്രതിരൂപമായി വരുന്ന ലാലേട്ടൻ, മീശ പിരിച്ച് മുണ്ടും മടക്കികുത്തി എതിരാളികളെ തറപറ്റിക്കുന്ന ലാലേട്ടൻ, നാടൻ വേഷമിട്ടാൽ നമ്മുടെ ഇടയിലെ ഒരു സാധാരണക്കാരനായി മാറുന്ന ലാലേട്ടൻ, കുട്ടികളികളും കുസൃതികളും മുഖത്ത് വരുത്തി കൊഞ്ചുന്ന ലാലേട്ടൻ, എന്നിങ്ങനെ ഓരോ മലയാളിക്കും മോഹൻലാൽ എന്ന നടനെ സ്നേഹിക്കാൻ കാരണങ്ങൾ പലതാണ്. എന്നാൽ ഭൂരിഭാഗം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപെടുന്നത് ആ വിന്റേജ് മോഹൻലാലിനെ ആയിരിക്കും. നമ്മുടെ ഇടയിലെ ഒരാളെ പോലെ ആടിയും പാടിയും സന്തോഷിപ്പിച്ചും ദുഃഖിപ്പിച്ചും എല്ലാം നിറഞ്ഞാടിയ ആ വിന്റേജ് ലാലേട്ടനെ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ എന്ന ഖ്യാതി കൊടുത്താലും അധികമാവാത്ത ഒരു അഭിനേതാവാണ് മോഹൻലാൽ എന്ന് ആർക്കും സംശയം കാണില്ല.

മോഹൻലാലിനെ കുറിച്ച് ആരാധകരിൽ തന്നെ പലവിധത്തിലുള്ള വർണ്ണനകൾ ഓരോ ദിവസവും കാണാറുണ്ട്. അക്കൂട്ടത്തിൽ ഒരു ആരാധകൻ ഇപ്പോൾ മോഹൻലാലിനെ വർണ്ണിക്കുന്നത് ഇങ്ങനെയാണ്. ഇത്രയും കാലം ഇത്രയും സിനിമകൾ കണ്ടിട്ട് നാണം എന്ന വികാരത്തെ ഇത്രയും മനോഹരമായി മറ്റാരും അഭിനയിച്ചു കണ്ടിട്ടില്ല എന്നാണ് ഒരു ആരാധകൻ പറയുന്നത്. അതോടൊപ്പം ആ ആരാധകൻ ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരവേൽപ്പ് എന്ന മോഹൻലാൽ ചിത്രത്തിലെ മുരളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചിത്രങ്ങൾ അടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. “മുരളി നിനക്കും ഒരു കല്യാണം കഴിക്കണ്ടെ?” എന്ന് അപ്രതീക്ഷിതമായി ചോദിക്കുമ്പോൾ വെറും രണ്ടു നിമിഷം കൊണ്ട് ആ കഥാപാത്രത്തിന്റെ മുഖത്ത് മിന്നിമറയുന്ന ലാൽഭാവങ്ങളിൽ നാണം എന്ന വികാരത്തെ അതിന്റെ പീക്കിൽ തന്നെ അവതരിപ്പിച്ചുവെച്ചിട്ടുണ്ട്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മോഹൻലാൽ എന്ന നടനെ ഇപ്പോഴും അങ്ങേയറ്റം സ്നേഹിക്കുന്നത്. മനസ്സിൽ ഒരു വിങ്ങൽ നൽകിയ വരവേൽപ്പ് എന്ന ചിത്രവും മലയാളി ഒരിക്കലും മറക്കാൻ സാധ്യതയില്ല.

News summary : Fan about Mohanlal’s expression.