‘യാത്ര തുടരട്ടെ…മഹായാനം തുടരട്ടെ…അനുഗ്രഹീതനായി തുടരുക മമ്മുക്കാ’; കുറിപ്പ് വൈറല്‍
1 min read

‘യാത്ര തുടരട്ടെ…മഹായാനം തുടരട്ടെ…അനുഗ്രഹീതനായി തുടരുക മമ്മുക്കാ’; കുറിപ്പ് വൈറല്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളിലെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ് സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതുമക്ക് പിന്നാലെയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ യാത്ര. മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതും ഓരോ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നിതിന്‍ നാരായണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പോസ്റ്റ് മമ്മുക്കയെക്കുറിച്ചാണ്..
പോസ്റ്റ് മമ്മുക്കയെക്കുറിച്ചാണ് എന്ന് തുടക്കത്തില്‍തന്നെ പറഞ്ഞതെന്തെന്നാല്‍… ഈ എഴുത്തിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ഫോട്ടോസ് ശ്രീനിവാസന്റെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നിന്റെ ആയതുകൊണ്ടാണ്. പലരും ഈ കഥാപാത്രത്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ചെയ്തതാണ്. ഈ ഞാനുള്‍പ്പെടെ. അതുകൊണ്ടുതന്നെ ആരും ഈ ഫോട്ടോസ് കണ്ടിട്ട് ‘ ഓ ഇതോ.. ‘ എന്നുപറഞ്ഞ് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പോകരുത്..
ഇനി കാര്യത്തിലേക്ക് വരാം..
ആദ്യമേതന്നെ പറയട്ടെ.. ഇങ്ങനൊരു പോസ്റ്റ് എഴുതുന്നതുകൊണ്ട്.. ആരും എന്നെ ആരുടേയും ഫാന്‍ ആക്കണ്ടാ… കുട്ടിക്കാലം മുതല്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ലാലേട്ടനോടാണ്.. പിന്നെ സിനിമ കൂടുതല്‍ ഇഷ്ടമായ നാള്‍മുതല്‍.. സിനിമയെ കൂടുതല്‍ അറിഞ്ഞുതുടങ്ങിയ നാള്‍മുതല്‍.. സിനിമ എഴുത്തുകാരിയുടേയും/എഴുത്തുകാരന്റേയും സംവിധായികയുടേയും/സംവിധായകന്റേയും ആണെന്ന് അറിഞ്ഞ നാള്‍മുതല്‍.. എല്ലാ നടീനടന്‍മാരേയും ഇഷ്ടമാണ്…
മമ്മുക്കയിലേക്ക് വരാം..
പണ്ടുമുതലേ എല്ലാവരും പറഞ്ഞുകേട്ട് പറഞ്ഞുകേട്ട് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.. മമ്മുക്കയ്ക്ക് സിനിമയോടുള്ള അടങ്ങാത്ത ഭ്രാന്ത്! കഥാപാത്രമാകാന്‍ ഏത് അറ്റം വരെയും പോകുന്ന നടന്‍! കഥാപാത്രത്തിന്റെ രൂപത്തിലേക്ക് മാറാന്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും മെയ്ക്കപ്പിന് ഇരുന്നുകടുക്കുന്ന നടന്‍! ഒരു സിനിമയുടെ ലൊക്കേഷനില്‍നിന്ന് മറ്റൊരു സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന വഴിക്കുപോലും ഒരു സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ സമയം കണ്ടെത്തുന്ന നടന്‍! നല്ല കഥാപാത്രമാണെങ്കില്‍ പ്രൊഡ്യൂസറിന്റെ കയ്യില്‍ കാഷില്ലായെന്ന കാരണത്താല്‍ അത് വിട്ടുകളയാതെ പ്രതിഭലം വാങ്ങാതെ ആ കഥാപാത്രം ചെയ്യുന്ന നടന്‍!
71 വര്‍ഷങ്ങള്‍ പിന്നിട്ട ജീവിതത്തിലെ മുക്കാല്‍ ഭാഗവും സെറ്റുകളിള്‍ ക്യാമറകള്‍ക്കിടയിലും ലൈറ്റുകള്‍ക്കിടയിലും ആക്ഷന്‍ കട്ടുകള്‍ക്കിടയിലും ചെലവഴിച്ച നടന്‍!
ഇങ്ങേര്‍ക്ക് വല്ലപ്പോളുമെങ്കിലും വീട്ടില്‍ പോണ്ടേ?! ഭാര്യയേയും മക്കളേയും മരുമക്കളേയും പേരക്കിടാങ്ങളേയുമൊക്കെ വല്ലപ്പോളുമെങ്കിലും കാണണ്ടേ?! എന്ന് നമ്മളെക്കൊണ്ട് ചിന്തിപ്പിച്ച നടന്‍ ( എല്ലാവരേയും കാണാനും സ്‌നേഹം പങ്കിടാനും അദ്ദേഹം വേണ്ടുവോളം സമയം കണ്ടെത്തിയിരുന്നു എന്നത് വസ്തവം )
തിരക്കിനിടയില്‍ ജീവിക്കുന്ന നടന്‍! തിരക്കിനെ ഇഷ്ടപ്പെടുന്ന നടന്‍! തിരക്കെന്ന് ഞാനുദ്ദേശിച്ചത്.. ബിസിലൈഫ്..
***********
കോവിഡ് വന്ന നാള്‍ മുതല്‍… മുതിര്‍ന്ന പൗരകളും പൗരന്‍മാരും പുറത്തിറങ്ങരുത് എന്ന നിയമം വന്ന നാള്‍ മുതല്‍.. ആ നടന്റെ ജീവിതം എങ്ങനെ ആയിരുന്നു?!
ആലോചിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത..
തിരക്കിനെ അത്രത്തോളം ഇഷ്ടപ്പെടുന്ന ആ മനുഷ്യന്‍ ആ കാലയളവ് എങ്ങനെ തള്ളിനീക്കി? ( വീട്ടുവളപ്പില്‍ ഉള്ള കിളികളുടേയും ചെടികളുടേയും പിറകേ ക്യാമറക്കണ്ണുമായ് നടന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദഹം പങ്കുവെച്ചത് ഓര്‍ക്കുന്നു… പിന്നെ കുറേ സിനിമ കണ്ടുകാണും.. ഒരുപാട് വായിച്ചുകാണും… )
എന്നാലും എനിക്ക് തോന്നുന്നത്…
ദുബായില്‍ പോയ ക്യൂബാമുകുന്ദന്‍ വെപ്രാളം സഹിക്കവയ്യാതെ ടോയ്‌ലറ്റില്‍ കയറി കണ്ണാടിനോക്കി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഉറക്കെയുറക്കെ വിളിച്ചതുപോലെ….
പ്രിയപ്പെട്ട മമ്മുക്കാ, നിങ്ങള്‍ ഒരു തവണയെങ്കിലും കിടപ്പുമുറിയിലേയോ ബാത് റൂമിലേയോ ടോയ്‌ലറ്റിലേയോ കണ്ണാടിനോക്കി… അല്ലെങ്കില്‍ പറമ്പില്‍ ക്യാമറയുമായി കിളികളുടേയും ചെടികളുടേയും പിറകെ നടക്കുന്നതിനിടയില്‍ എവിടെയെങ്കിലും കിടന്നുകിട്ടിയ കണ്ണാടിത്തുണ്ടുനോക്കി.. നിങ്ങളൊന്ന് അഭിനയിച്ചുകാണും! എനിക്കുറപ്പാണ് എന്റെ കണ്ണ് നിറയുന്നു…….
എല്ലാവരും കണ്ടതാണല്ലോ… കോവിഡ് വ്യാപനം ഒന്ന് ശമിച്ചതുമുതല്‍ ഈ നടന്‍ ഓടിനടന്ന് അഭിനയിക്കുന്നത്! സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പറക്കുന്നത്!
കോവിഡ് വ്യാപനം കുറയുന്നതും കാത്ത് എത്രയെത്ര കഥാപാത്രങ്ങള്‍ ആ നടനെ കാത്ത് ഇരുന്നു… ഓടിനടന്ന് ആ കഥാപാത്രങ്ങളെല്ലാം ആകുകയാണ് അദ്ദേഹം…
ഇനിയുമിനിയും എത്രയെത്ര കഥാപാത്രങ്ങള്‍! എത്രയെത്ര ലൊക്കേഷനുകളിലെ എത്രയെത്ര സെറ്റുകള്‍ തിരക്കുപിടിച്ച ജീവിതം.. തിരക്ക് ഇഷടപ്പെടുന്ന നടന്‍ തിരക്കില്ലാതെ ജീവിക്കാന്‍ പറ്റാത്ത നടന്‍
യാത്ര തുടരട്ടെ…
മഹായാനം തുടരട്ടെ…
അനുഗ്രഹീതനായി തുടരുക മമ്മുക്കാ