
”പ്രണവ് ഇപ്പോള്‍ യൂറോപ്പില്‍, 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്” ; വിനീത് ശ്രീനിവാസന്
മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന് ആണെങ്കിലും പ്രണവിന് അതിന്റെ ഒരു താരപരിവേഷവും ഇല്ലെന്നാണ് പലപ്പോഴും ആരാധകരും പ്രേക്ഷകരും പറയാറുള്ളത്.
യാത്രകളെ വലിയ രീതിയില്‍ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. പ്രണവിനെ ‘റിയല്‍ ലൈഫ് ചാര്‍ളി, മല്ലു സുപ്പര്‍മാന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ഫോട്ടോകളെല്ലാം ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് നടനും സംവിധായകനും ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. പ്രണവ് ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാല്‍നടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറയുന്നു.
‘ഞങ്ങള്‍ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട് അതില്‍ ഇതിന്റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’, എന്നാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ വിനീത് വെളിപ്പെടുത്തിയത്.
പ്രണവിനെക്കുറിച്ച് നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രണവ് യാത്രയിലാണെന്നും തന്റെ വിവാഹനിശ്ചയത്തിന് അവന് തായ്ലാന്ഡില് നിന്നും ഫങ്ഷന് വേണ്ടി മാത്രമായി നാട്ടിലെത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന് പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണെന്നും വിശാഖ് പറഞ്ഞിരുന്നു.