“വിനായകൻ ഒന്നുകൂടെ ജനിക്കണം; ആ ഏറ് തൻ്റെ  ദേഹത്ത് കൊള്ളില്ല”; രൂക്ഷ വിമർശനവുമായി രഞ്ജിത്ത്
1 min read

“വിനായകൻ ഒന്നുകൂടെ ജനിക്കണം; ആ ഏറ് തൻ്റെ ദേഹത്ത് കൊള്ളില്ല”; രൂക്ഷ വിമർശനവുമായി രഞ്ജിത്ത്

ലൈംഗിക അതിക്രമ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ സന്ദർശിക്കുന്നതിനായി സംവിധായകൻ രഞ്ജിത്ത് ജയിലിൽ പോയ ചിത്രങ്ങൾ നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ പിന്നീട് രഞ്ജിത്ത് പിൻവലിക്കുകയായിരുന്നു. ചിത്രം പിൻവലിച്ച സാഹചര്യത്തിൽ അത് ‘കൊള്ളേണ്ടവർക്ക് കൊണ്ടു’ എന്ന മറുപടിയുമായി വിനായകൻ രംഗത്തെത്തി. എന്നാൽ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

രഞ്ജിത്തിൻ്റെ പ്രതികരണം ഇങ്ങനെ …

“ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകൻ്റെ ഏറ് രഞ്ജിത്തിൻ്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറേ അധികം ശ്രമിക്കേണ്ടി വരും. അതിന് ഈ ജന്മവും മതിയാകില്ല.” വിനയാകന് രഞ്ജിത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരു മുഖ്യധാര മാധ്യമത്തോടായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം. ദിലീപിനെ അപ്രതീക്ഷിതമായി ജയിലിൽ പോയി കണ്ടതാണെന്ന് ഈയിടെ രഞ്ജിത്ത് പറഞ്ഞിരുന്നു.

അതിന് പിന്നാലെ രഞ്ജിത്തിന് നേരേ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു വിനായകൻ സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്.  ജയിലിൽ താൻ ദിലീപിനെ കാണുക എന്ന ലക്ഷ്യത്തോടു കൂടെ പോയതല്ലെന്നും, നടൻ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം പോയതാണെന്നും, ജയിലിൽ പ്രേവേശിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് താൻ അകത്തേയ്ക്ക് പോയതെന്നും രഞ്ജിത്ത് പറഞ്ഞു. അതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.