” ഈ മുഖമൊക്കെ കാണാൻ ടിക്കറ്റ് എടുക്കണോ ? ” 20 കൊല്ലത്തിന് ശേഷം സംഭവിച്ചത് : വിജയ് യുടെ അനുഭവം
1 min read

” ഈ മുഖമൊക്കെ കാണാൻ ടിക്കറ്റ് എടുക്കണോ ? ” 20 കൊല്ലത്തിന് ശേഷം സംഭവിച്ചത് : വിജയ് യുടെ അനുഭവം

 

തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ആരാധന ഇന്ന് വിജയ്‌നോട് കേരളത്തിലെ പ്രേക്ഷകര്‍ക്കുണ്ടോയെന്ന് സംശയമാണ്. നടന്റെ സിനിമകളുടെ ക്ലീഷേ കഥാഗതി പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും രക്ഷകനായെത്തുന്ന വിജയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ഇന്ന് കേരളത്തിലില്ല. അതേസമയം തമിഴകത്ത് നടനോടുള്ള ആരാധനയ്ക്ക് കുറവില്ല. ഒടുവില്‍ പുറത്തിറങ്ങിയ വാരിസ് തമിഴകത്ത് ഹിറ്റായി.

തന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ലിയോയിലൂടെ ദളപതി വിജയ്ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ തന്നെ ചിത്രത്തിന്‍റെ പ്രിബുക്കിംഗ് വിദേശത്തും മറ്റും റെക്കോഡുകള്‍ ഭേദിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഫ്ലിക്കില്‍ ദളപതിയുടെ പ്രകടനം എന്ന ആകാംക്ഷയാണ് വിജയ് ആരാധകര്‍ക്ക്. അതേ സമയം വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും മറ്റൊരു വശത്ത് സജീവമാണ്.

 

അതേ സമയമാണ് വിജയിയുടെ അനുജനും നടനുമായ വിക്രാന്ത് വിജയിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നത്. ആക്ഷന്‍ കിംഗ് അര്‍ജുന്‍ പങ്കെടുത്ത ഒരു ടിവി ഷോയിലാണ് വിക്രാന്ത് വിജയിയെക്കുറിച്ച് പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. തന്‍റെ കുടുംബത്തിന്‍റെ അടയാളം വിജയ് ആണെന്നാണ് വിക്രാന്ത് പറയുന്നത്. അര്‍ജുന്‍ നിങ്ങളുടെ സഹോദരനെക്കുറിച്ച് പറയൂ എന്ന് പറയുമ്പോഴാണ് വിക്രാന്ത് ഈ കാര്യങ്ങള്‍ പറഞ്ഞത്. ‘എന്‍റെ കുടുംബത്തിന്‍റെ അടയാളമാണ് വിജയ് അണ്ണന്‍. എനിക്ക് ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്. മുന്‍പ് ഒരു മാഗസിനില്‍ വിജയ് അണ്ണനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വന്നത് ഞാന്‍ വീട്ടില്‍ കണ്ടിട്ടുണ്ട്. “ഈ മുഖം കാണാന്‍ വേണ്ടി ടിക്കറ്റ് എടുക്കണോ, സംവിധായകന്‍റെ മകനായതിനാല്‍ ആരെയും സഹിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകര്‍ക്ക്” എന്നായിരുന്നു. എന്നാല്‍ 20 കൊല്ലത്തിനപ്പുറം ഇതേ മാഗസിനില്‍ അത് എഴുതിയ വ്യക്തി തന്നെ വിജയ് അണ്ണന്‍റെ ലൈഫ് സ്റ്റോറി പ്രസിദ്ധീകരിച്ചു. അത് ശരിക്കും ഇന്‍സ്പെയറിംഗാണ്.

അദ്ദേഹം ആദ്യകാലത്ത് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം തരണം ചെയ്ത് ഇന്നത്തെ വിജയ് ആയി അദ്ദേഹം മാറി, അദ്ദേഹം ശരിക്കും എന്‍റെ കുടുംബത്തിന്‍റെ അടയാളമാണ്, ഇത്രയുമാണ് പറയാനുള്ളത്” – വിക്രാന്ത് പറയുന്നു. അതേ സമയം ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിക്രാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളില്‍ രജനികാന്ത് എത്തുന്നുണ്ട്. വിഷ്ണു വിശാല്‍ ആണ് ചിത്രത്തില്‍ മറ്റൊരു വേഷത്തില്‍ എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.