കമൽഹാസന്റെ ചെറുപ്പകാലം ചെയുന്നത് സൂര്യയോ? ; ‘വിക്രം’ സിനിമയിൽ നടിപ്പിൻ നായകനും
ഉലകനായകന് കമലഹാസന് നായകനായി വന്‍ താര നിരയോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വിക്രം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഫ്ലാഷ് ബാക് കഥയ്ക്കായി നടന് കമല്‍ ഹാസന് മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങള്‍ ഉണ്ടാകുമെന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യയും ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ വിക്രം സിനിമയില്‍ സൂര്യയും അഭിനയിക്കുന്നുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല. സൂര്യ വിക്രം സിനിമയുടെ ലൊക്കേഷനില്‍ നില്ക്കുന്ന ചിത്രം നേരത്തെ തന്നെ ലീക്ക് ആയിരുന്നു. എന്നാല്‍ കാമിയോ റോളില്‍ എത്തുന്ന താരം കമല്‍ ഹാസന്റെ ചെറുപ്പമാണ് ചെയ്യുന്നതെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അത് സിനിമ കണ്ട് തന്നെ അറിയണം.
ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന് സൂര്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം സിനിമയുടെ ഭാഗമായ സഹോദരന് നന്ദിയെന്നായിരുന്നു കമല്‍ ഹാസന് പറഞ്ഞത്. അതേസമയം സൂര്യ സിനിമയിലുള്ളത് സര്‍പ്രൈസ് ആയിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലോകേഷും പറഞ്ഞിരുന്നു. വിക്രമിന്റെ ട്രെയ്ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയ്ലറിലും സൂര്യയെ കാണിക്കുന്നുണ്ടെങ്കിലും പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സിനിമയില്‍ കമല്‍ ഹാസന് എഴുതി ആലപിച്ച ഗാനം പുറത്തുവിട്ടിരുന്നു. പത്തല, പത്തല എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയാ ട്രെന്‍ഡ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഗിരീഷ് ഗംഗാധരന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നതും വാര്‍ത്തയായിരുന്നു. വിക്രം ജൂണ്‍ 3ന് റിലീസാകും.