‘ഒരു നിരീശ്വരവാദിയാണ്, മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുമായിരുന്നു സുരേഷ് ഗോപി പ്രസംഗത്തിലൂടെ പറഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും സുരേഷ് ഗോപിയെ ട്രോളി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചിരിക്കും’ എന്നിങ്ങനെയായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍.
ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്. ഈ അവസരത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതി പണ്ട് പറഞ്ഞ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. താനൊരു നിരീശ്വരവാദിയാണെന്നും എന്നാല്‍ ഭസ്മമോ തീര്‍ത്ഥമോ തന്നാല്‍ വാങ്ങിക്കുമെന്നും വിജയ് സേതുപതി പറയുന്നു. കാരണം താന്‍ മനുഷ്യരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് സേതുപതി പറയുന്നു. എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് താന്‍ മനുഷ്യനെയാണ് നോക്കുന്നതെന്നും നടന്‍ പറയുന്നു.
https://www.facebook.com/100070680282611/videos/6112267192128950/?t=0
വിജയ് സേതുപതിയുടെ വാക്കുകള്‍….
‘ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്.
എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം. ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. പോയിരിക്കൂ എന്ന് ഞാന്‍ പറയും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം’, എന്നാണ് വിജയ് സേതുപതി പറയുന്നത്.
സുരേഷ് ഗോപിയുടെ പ്രസംഗം വൈറലായതിന് പിന്നാലെയാണ് വിജയ് സേതുപതിയുടെ ഈ വീഡിയോ ഷെയര്‍ ചെയ്ത് അദ്ദേഹത്തെ അഭിനന്ദിച്ച് ആളുകള്‍ രംഗത്ത് എത്തിയത്.