ഷാരൂഖിന്റെ പഠാന്‍ 1000കോടിയിലേക്ക് ; ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്
1 min read

ഷാരൂഖിന്റെ പഠാന്‍ 1000കോടിയിലേക്ക് ; ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്.

ചിത്രം റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ട ഫെബ്രുവരി 19 ഞായറാഴ്ചവരെ 996 കോടിയാണ് ആഗോള തലത്തില്‍ ഇതുവരെ പഠാന്‍ നേടിയിരിക്കുന്നത്. മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം 621 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 45.72 മില്യണ്‍ ആണ്. അതായത് 375 കോടി. ഈ ആഴ്ചയിലെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചിത്രം 1000 കോടി തൊടുമെന്ന് ഉറപ്പാണ്.അതേ സമയം ഉത്തരേന്ത്യയില്‍ പ്രമുഖ തീയറ്ററുടമകള്‍ പഠാന്‍ സിനിമയുടെ ടിക്കറ്റ് നിരക്ക് കുറച്ചു.  പത്താൻ ബോക്‌സ് ഓഫീസിൽ 900 കോടിയിലധികം കളക്ഷൻ നേടിയതിന് ശേഷം, ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 23 വരെ “പത്താൻ വീക്ക്” ആയി ആചരിക്കാൻ  തീയേറ്റർ ഉടമകൾ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് ഈ കുറവ് വരുത്തിയത്.

ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന്‍ മുന്നേറുന്നത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രമാണ് പഠാന്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും പഠാനില്‍ അതിഥി വേഷത്തില്‍ എത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.