‘ മാളികപ്പുറത്തിലെ മികച്ച പ്രകടനം’ ; ഉണ്ണിമുകുന്ദനെ തേടി വിദ്യാഗോപാല മന്ത്രാര്‍ച്ചന പ്രഥമ പുരസ്കാരം
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ സൂചകമായി നല്കുന്ന പ്രഥമ പുരസ്കാരം നടന് ഉണ്ണി മുകുന്ദന് സമ്മാനിക്കും.ഉണ്ണിമുകുന്ദന് ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണിത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്പങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയില്‍ നടയില്‍ തയ്യാറാക്കുന്ന യജ്ഞവേദിയില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ ഡോ വി രാജന്, കെ എസ് ശങ്കരനാരായണന് എന്നിവര്‍ അറിയിച്ചു.
തിയേറ്ററില്‍ ഒന്നടങ്കം മികച്ച അഭിപ്രായവുമായി മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. പ്രേക്ഷക ഹൃദയം കീഴടക്കി പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്. കേരളത്തിന് അകത്തും പുറത്തും ഇപ്പോള്‍ ചിത്രം ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ഉണ്ണി മുകുന്ദന് എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന് എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന് മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം, റിലീസ് ചെയ്ത് 30 ദിവസം എത്തിനില്ക്കുമ്പോള് കേരളത്തിലെ തിയേറ്ററുകള്‍ ഇപ്പോഴും ഹൗസ് ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവര്‍ പോലും മാളികപ്പുറം കാണാന്‍ തിയേറ്ററുകളില്‍ എത്തി എന്നതാണ് ചിത്രത്തിന്റെ വിജയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
നേരത്തെ ചിത്രം 50 കോടി ക്ലബില്‍ ഇടംനേടിയിരിയിരന്നു. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 100 കോടിയിലെത്താന്‍ കാത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.