വിജയിയുടെ വാരിസ്, ടിവി സീരിയല്‍ പോലെയെന്ന് വിമര്‍ശനം ; മറുപടി നല്കി സംവിധായകന് വംശി പൈഡിപ്പള്ളി
വിജയിയെ നായകനാക്കി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. ഇതിനോടകം തന്നെ ബോക്സഓഫീസില്‍ മികച്ച വിജയമാണ് വാരിസ് നേടിയെടുത്തത്. 200 കോടി ക്ലബിലേക്ക് ചിത്രം എത്തിയെന്നാണ് റിപ്പോര്‍ട്ട്. മികച്ച പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങളും പുറത്തു വരുന്നുണ്ട്. അതില്‍ കുറച്ച് പേരുടെ പ്രതികരണം ചിത്രം, സീരിയല്‍ പോലെയുണ്ട് എന്നതാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വംശി പൈഡിപ്പള്ളി.
ഇന്നത്തെക്കാലത്ത് ഒരു ചിത്രം ഇറക്കാന്‍ എന്തൊക്കെ കഠിനമായ ജോലികള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയുമോ?. ഒരു സിനിമ പുറത്തിറക്കാന്‍ എത്രപേര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമോ? ജനങ്ങളെ എന്റര്ടെയ്ന് ചെയ്യിപ്പിക്കാന്‍ എത്ര പേരാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാമോ? ഒരോ ഫിലിംമേക്കറും ഒരോ ചിത്രവും ഉണ്ടാക്കാന്‍ ഒരോ ദിവസവും ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഫിലിം മേക്കിംഗ് ഒരു തമാശയല്ല’ – വംശി പറയുന്നു.
വാരിസിനെ ചിലര്‍ ടിവി സീരിയല്‍ എന്ന് വിശേഷിപ്പിച്ചു. സീരിയല്‍ എന്താണ് മോശമാണോ. അത് മോശമാണെന്ന് കരുതുന്നില്ല. എല്ലാ ദിവസങ്ങളിലും എത്രപേരെയാണ് സീരിയലുകള്‍ എന്റര്ടെയ്ന് ചെയ്യിക്കുന്നത്. ഒരിക്കലും സീരിയലുകളെ മോശമായി കാണരുത്. നിങ്ങള്‍ ഏത് വീട്ടില്‍ നോക്കിയാലും മുതിര്‍ന്നവര്‍ ടിവി സീരിയലുകള്‍ ആസ്വദിക്കുന്നത് കാണാം. ടിവി സീരിയലുകള്‍ ഉണ്ടാക്കുക എന്നതും ഒരു സര്‍ഗാത്മകമായ പണിയാണെന്നും വംശി കൂട്ടിച്ചേര്‍ത്തു.
അതുപോലെ, വാരിസില്‍ നടന് വിജയ് നടത്തിയ കഠിനാദ്ധ്വാനവും അദ്ദേഹം തുറന്നു പറഞ്ഞു. ഡയലോഗുകളായാലും, ഡാന്‍സ് ആയാലും വീണ്ടും വീണ്ടും അദ്ദേഹം പരിശീലനം ചെയ്യുമായിരുന്നു. ഞങ്ങള്‍ പരാമാവധി പരിശ്രമിച്ചു. അതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക. ഫലം പിന്നെയാണ് കിട്ടുക എന്ന് വിജയ് എപ്പോഴും പറയുമായിരുന്നു. വിജയ് ആണ് എന്റെ റിവ്യൂ എഴുത്തുകാരന്, അദ്ദേഹമാണ് എന്റെ വിമര്ശകന്. അദ്ദേഹത്തിന് വേണ്ടിയാണ് ഈ പടം എടുത്തത് – വംശി പറയുന്നു.
അതേസമയം, വാരിസ് ഒരു മാസ് ഫാമിലി എന്റര്ടെയ്നര് ചിത്രമാണ്. ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.