‘അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരില്‍ ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്’; ആരാധകന്റെ കുറിപ്പ്
നായക സങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിയ ധനുഷ് ഇന്ന് മുന്‍നിര നായക നടനാണ്. മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്കൂള്‍ വിദ്യാര്‍ത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. വാത്തിയിലെ താരത്തിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ദിനങ്ങളിലെ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഹൗസ്ഫുള് ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാടിന് പുറമെ ആഗോള ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രേക്ഷകന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
കുറെ നാള് കൂടി ഇന്നലെ ഒരു സിനിമ കാണാന്‍ പോയി. ധനുഷിന്റെ വാത്തി. പൊതുവെ ഒരു വലിയ സിനിമഭ്രാന്തനോ അല്ലെങ്കില്‍ ഫിലിം ഫീല്‍ഡ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരാളോ ഒന്നുമല്ല ഞാന്‍. പൊതുവില്‍ ചില genre സിനിമകള്‍ ഇഷ്ടമാണെന്ന് മാത്രം. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരില്‍ ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്. കാതല്‍ കൊണ്ടേന്‍ മുതല്‍ അസുരന് വരെ ഉള്ള ചിത്രങ്ങളില്‍ കുറച്ചൊക്കെ ഫേവറിറ്റ് ആണ്.
അതുകൊണ്ട് മുന്‍ധാരണകള്‍ ഒന്നുമില്ലാതെയാണ് വാത്തി കാണാന്‍ പോയത്. രണ്ടു കാലഘട്ടങ്ങളിലായാണ് കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഏരിയ പങ്കും 90കളില്‍. ഒരു ലക്ഷ്യം മനസ്സില്‍ കണ്ട് ജീവിക്കുന്ന ഒരു താത്കാലിക അദ്ധ്യാപകനും അയാളുടെ വിദ്യാര്‍ഥികളും ചെയ്യുന്ന തൊഴിലിനോടുള്ള അയാളുടെ ആത്മാര്‍ത്ഥതയും അയാളുടെ ജീവിതത്തില്‍ ഇടപെടുന്ന വിദ്യാഭ്യാസം കച്ചവടമാക്കിയ ചിലരും ലക്ഷ്യം നേടാനുള്ള അയാളുടെ പരിശ്രമവും ആണ് ചിത്രത്തിന്റെ പ്രമേയം. ചുരുങ്ങിയ സമയം കൊണ്ട് വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ഒരു ശൈലിയാണ് ചിത്രത്തില്‍ ഉടനീളം. രണ്ടാം പകുതിയില്‍ അല്പം melodrama ഉണ്ടായിരുന്നത് ഒഴിച്ചാല്‍ making നല്ലതാണ്. ഒരു തമിഴ് തെലുങ്ക് സിനിമയില്‍ അതൊക്കെ സഹജം എന്ന് പറയാം. മൊത്തത്തില്‍ ഒരു feel good movie.
പഠിക്കുന്ന കാലത്ത് ചില അധ്യാപകര്‍ക്ക് ഇഷ്ടമുള്ളവനും, എന്നാല്‍ മറ്റു ചിലര്‍ക്ക് ചതുര്‍ത്ഥിയും ആയിരുന്നു ഈയുള്ളവന്. വല്ലപ്പോഴും ക്ലാസില്‍ പോകുന്ന. പോകുന്ന സമയത്ത് ഇടയ്ക്കൊക്കെ ‘outstanding’ ആയ വിദ്യാര്‍ത്ഥി. അങ്ങനെ പ്രകൃതി ഭംഗി നല്ലവണ്ണം ആസ്വദിച്ച് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരാളെന്ന നിലയ്ക്ക് വാത്തി കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം സ്വാഭാവികമായും ഓര്‍മ്മ വന്നു. എന്നെ സ്വാധീനിച്ച, പഠിക്കാന്‍ പ്രേരിപ്പിച്ച ചില അധ്യാപകരെയും എന്നെ കാണുന്നതേ അലര്‍ജി ആയിരുന്നവരെയും ഒരുപോലെ ഓര്‍ത്തെടുക്കാന്‍ സാധിച്ചു എന്നതാണ് വാത്തി തന്ന മെച്ചം.