പ്രേക്ഷകരെ ആവേശത്തിലാക്കി ടർബോ; മേക്കിങ് വീഡിയോ കാണാം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ ടർബോ പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടർബോ എത്തിയിരിക്കുന്നത്. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു. ടർബോയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ആവേശം നിറയ്‍ക്കുന്ന ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ടർബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ൽ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈശാഖ് ആണ് ടർബോയുടെ സംവിധായകൻ. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തിൽ രണ്ടാം സ്ഥാനത്തായി.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തിൽ മമ്മൂട്ടി എത്തുമ്പോൾ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. അഞ്ജന ജയപ്രകാശും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിട്ടുണ്ട്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്.